രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ വ്യവസായ ഗ്രൂപ്പിന്‍റെ തലപ്പത്ത് ഇനി നോയല്‍ ടാറ്റ. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റയെ, ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാനായി തിരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
പലവട്ടം കൈവിട്ടുപോയ ടാറ്റ ഗ്രൂപ്പിന്‍റെ കടിഞ്ഞാണ്‍ പദവി ഇനി നോയല്‍ ടാറ്റയ്ക്ക് സ്വന്തം. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്‍റെ ബോര്‍ഡ് യോഗത്തില്‍ ഏകകണ്‌ഠമായാണ് പുതിയ ചെയര്‍മാനായി നോയലിനെ തിരഞ്ഞെടുത്തത്.
ടാറ്റ ട്രെസ്റ്റിന്‍റെ ഭാഗമായ സര്‍ ദൊറാബ്‍ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് എന്നിവയിലെ 13 ട്രസ്റ്റിമാര്‍ എതിരില്ലാതെയാണ് തീരുമാനമെടുത്തത്. രത്തന്‍ ടാറ്റയുടെ പിതാവ് നവല്‍ ടാറ്റ രണ്ടാമത് വിവാഹം ചെയ്ത സിമോണിന്‍റെ മകനാണ് 67കാരനായ നോയല്‍ ടാറ്റ. പുതിയ ചെയര്‍മാന്‍ പാഴ്‌സി സമുദായ അംഗമാകണം എന്ന കീഴ്വഴക്കം ഇക്കുറിയും തെറ്റിച്ചില്ല. 40 വര്‍ഷമായി ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമായ നോയല്‍, നിലവില്‍ ടാറ്റ സ്റ്റീല്‍സ്, റീട്ടെയില്‍ വിഭാഗമായ ട്രന്‍റ്, ടൈറ്റന്‍ തുടങ്ങിയ കമ്പനികളുടെ അമരക്കാരനാണ്.
Also Read: സമ്പന്ന പട്ടികയിലൊന്നും പേരില്ല; രത്തൻ ടാറ്റയുടെ ആസ്തിയെത്ര? ഇന്ത്യൻ സമ്പന്നരിൽ എത്രാമത്
രത്തന്‍ ടാറ്റ 2012ല്‍ ടാറ്റ സണ്‍സിന്‍റെ തലപ്പത്തുനിന്ന് വിരമിച്ചപ്പോള്‍ നോയലിന് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായ ഭിന്നത നോയലിന്‍റെ മുന്നോട്ടുള്ള വരവിന് തടസമായെന്നും അവസാന കാലത്ത് ഇത് പരിഹരിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടാറ്റ ഗ്രൂപ്പിന്‍റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്‍റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റ് എന്ന സംരംഭത്തിന് കീഴിലാണ്. അതുകൊണ്ടുതന്നെ വ്യവസായ ഗ്രൂപ്പിന്‍റെ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ നോയല്‍ ടാറ്റയുടെ നിലപാടുകള്‍ നിര്‍ണായകമാകും.