വയനാട് പനമരത്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി പ്രസവിച്ച േകസിൽ അറസ്റ്റിലായ സിജോ ജോർജിനെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ കോഴിക്കോട് ജില്ലാ ശിശുക്ഷേമസമിതിയ്ക്കെതിരെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇന്നലെ അറസ്റ്റിലായ സിജോ ജോർജിനെ വയനാട് പോക്സോ കോടതിയാണ് റിമാൻഡ് ചെയ്തത്. അതേസമയം പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച രേഖകൾ ഉറപ്പുവരുത്തുന്നതിൽ സി ഡബ്യു സിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് സാമൂഹ്യ നീതി വകുപ്പ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷീബ മുംതാസാണ് അന്വേഷണം നടത്തുന്നത്. എന്നാൽ വയസുസംബന്ധിച്ച് പെൺകുട്ടിയും അമ്മയും അനാഥാലയത്തിന്റെ അധികൃതരും തെറ്റിദ്ധരിപ്പിച്ചെന്നാണ് സി ഡബ്യു സിയുടെ നിലപാട്.
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് അനാഥാലയം. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനായി ശിശുക്ഷേമ വിഭാഗത്തിന്റെ അനുമതി വാങ്ങിയിരുന്നു. ഇതിനിടയിൽ അന്വേഷണത്തിന്റെ ഭാഗമായി കല്പറ്റ ഡി.വൈ.എസ്. പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നവജാതശിശുവിനെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോടുള്ള അനാഥാലയത്തിൽ തെളിവെടുപ്പു നടത്തി. കഴിഞ്ഞ ഡിസംബർ ഇരുപത്തിയെട്ടിനാണ് പീഡനത്തിനിരയായ പതിനേഴുവയസുകാരി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.