കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കേസില്‍ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും പണം നല്‍കി കേസ് ഒതുക്കാനും ശ്രമമുണ്ടായതായി പൊലീസ്. പ്രതി ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയെ പീഡനം നടന്ന നീണ്ടുനോക്കി പള്ളിമേടയില്‍ എത്തിച്ച് തെളിവെടുത്തു. പ്രസവം മറച്ചുവച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
നെടുമ്പാശേരി വിമാനത്താവളം വഴി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഫാദര്‍ റോബിനെ പൊലീസ് ഇന്നലെ രാത്രി അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് അടക്കം ചുമത്തി കേസെടുത്തു. ഇതോടെ പ്രതിക്ക് വിചാരണ കഴിയുംവരെ ജാമ്യം ലഭിക്കില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചിട്ടും വിവരം പുറത്തറിയിക്കാതിരുന്ന രക്ഷിതാക്കളേയും പൊലീസ് ചോദ്യം ചെയ്തു. പ്രസവം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ആശുപത്രിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് സൂചന നല്‍കി.
സമാനമായി മറ്റ് പീഡനങ്ങള്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും. വൈദികനെ നീണ്ടുനോക്കി പള്ളിമേടയിലെത്തിച്ച് തെളിവെടുപ്പും നടത്തി. കേളകം പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷമായിരുന്നു തെളിവെടുപ്പ്. പള്ളിമേടയില്‍ പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി.