പെരുമ്പാവൂർ: നായ്ക്കൾ മനുഷ്യനെ ആക്രമിക്കുന്ന വാർത്തകൾക്കിടയിൽ ഇതാ ഇവിടെ നായ് ഒരു കുടുംബത്തെ രക്ഷിച്ച സംഭവം. മൂർഖൻ പാമ്പുമായുള്ള പോരാട്ടത്തിനൊടുവിൽ, വീട്ടുകാരെ ദുഃഖത്തിലാഴ്ത്തി മൗളിയെന്ന നായ് ചത്തുവീണെങ്കിലും ഉഗ്രവിഷമുള്ള മൂർഖനിൽ നിന്നു രക്ഷപ്പെട്ട ആശ്വാസത്തിലാണു പെരുമ്പാവൂർ ബിഒസി റോഡിൽ റിട്ട. മുനിസിപ്പൽ ജീവനക്കാരൻ നങ്ങേലിൽ ഗംഗാധരനും ഭാര്യ വിമലയും.ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ഗംഗാധരന്റെ വീട്ടുമുറ്റത്താണു സംഭവം. ഡാഷ് ഇനത്തിൽപ്പെട്ട മൗളി നിർത്താതെ കുരയ്ക്കുന്നതു കേട്ടാണു ഗംഗാധരനും ഭാര്യ വിമലയും ഉണർന്നത്.
ജനലിലൂടെ നോക്കിയപ്പോൾ വലിയ മൂർഖൻ പാമ്പും നായയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണു മുറ്റത്തു കണ്ടത്. മുൻവാതിൽ തുറന്നു പുറത്തിറങ്ങിയെങ്കിലും നായ് കുരച്ചുകൊണ്ട് ഓടിവന്നു മുറ്റത്തിറങ്ങുന്നതു തടഞ്ഞു. നായയും പാമ്പും തമ്മിലുള്ള പോരാട്ടം അരമണിക്കൂറോളും നീണ്ടു. നായ് പാമ്പിന്റെ നടുഭാഗത്തു കടിച്ചുകുടഞ്ഞു. പാമ്പ് നായയെ ചുറ്റിവരിഞ്ഞെങ്കിലും കുടഞ്ഞെറിഞ്ഞു.പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം അപ്പോഴേക്കും വീട്ടിലെത്തി.
നായയും പാമ്പും തമ്മിലുള്ള പോരാട്ടത്തിൽ വീട്ടുകാർക്കോ പൊലീസിനോ അടുക്കാൻ കഴിഞ്ഞില്ല. അഞ്ചടിയോളം നീളമുള്ള പാമ്പിനെ ഒടുവിൽ നായ് കൊന്നു. അവശനായ നായ് സമീപത്തു പുതുതായി നിർമിക്കുന്ന വീട്ടിനുള്ളിൽ കയറിക്കിടന്നു. ഇതിനിടെ വെറ്ററിനറി ഡോക്ടറെ കൊണ്ടുവരാൻ ശ്രമമുണ്ടായി. പക്ഷേ, വിമല നൽകിയ വെള്ളവും ബിസ്കറ്റും കഴിച്ച മൗളി മൂന്നു മിനിറ്റിനുള്ളിൽ അന്ത്യശ്വാസം വലിച്ചു. ഒരു മാസം പ്രായമുള്ളപ്പോൾ വാങ്ങിയതാണ് ഈ നായയെ. ഇപ്പോൾ മൂന്നു വയസ്സുണ്ട്. ദമ്പതികൾ മാത്രമുള്ള വീടിനു രാത്രിയിൽ മൗളിയാണു രക്ഷകനെന്നു ഗംഗാധരൻ പറഞ്ഞു