jiji-thomson-help

TAGS

കടലിലകപ്പെട്ട മല്‍സ്യത്തൊഴിലാളിയുടെ മക്കളുടെ പഠനം മുടങ്ങാതിരിക്കാന്‍ സഹായഹസ്തവുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. പൂന്തുറ സ്വദേശി ജോണ്‍സന്റെ മക്കള്‍ക്ക് എന്‍ട്രന്‍സ് ഫീസ് അടയ്ക്കാനുള്ള തുക കുടുംബത്തിന് കൈമാറി. മനോരമ ന്യൂസ് വാര്‍ത്തയാണ് മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിന് കൈത്താങ്ങായത്.

കടലില്‍ പോയ ജോണ്‍സണ്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. മെഡിക്കല്‍ എന്‍ട്രന്‍സ് വിദ്യാര്‍ഥികളായ നിധിയ്ക്കും നിതൃയ്ക്കും 13നകം ഫീസടക്കണം. ഫീസടക്കാനുള്ള പണവുമായി അച്ഛന്‍ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബത്തിന്റെ കണ്ണീര്‍ മനോരമ ന്യൂസിലൂടെ കണ്ടാണ് മുന്‍ ചീഫ് സെക്രട്ടറി ആ കുടുംബത്തിലേക്ക് നേരിട്ടെത്തിയത്. നിധിയെയും നിത്യയെയും ആശ്വസിപ്പിച്ച ജിജി തോംസണ്‍ ഫീസടക്കാന്‍ ആവശ്യമായ 60000 രൂപയുടെ ചെക്ക് ജോണ്‍സന്റെ ഭാര്യ ദേവനേശത്തിന് കൈമാറി.

തുടര്‍ന്നും സഹായം ആവശ്യമായി വരുമ്പോള്‍ വിളിക്കണമെന്ന നിര്‍ദേശത്തോടെ ഫോണ്‍ നമ്പരും നല്‍കിയാണ് ജിജി തോംസണ്‍ മടങ്ങിയത്. പ്രതിസന്ധിക്കിടയില്‍ അനുഗ്രഹമായെത്തിയ സഹായധനം ഉള്ള് നുറുങ്ങുന്ന വേദനയോടെ വാങ്ങുമ്പോളും, ജോണ്‍സണ്‍ തിരികെ വരുമെന്ന ഉറച്ച പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ഈ കുടുംബം.