വാദ്യവിരുന്നൊരുക്കി പൂരത്തിന് സ്വാഗതമോതി ഘടകപൂരങ്ങളെത്തി യതോടെ പുരപ്പറമ്പ് ഉണർന്നു. തിടമ്പേന്തിയ ഗജവീരൻമാരെ സാക്ഷിയാക്കി വടക്കുന്നാഥ സന്നിധിയിൽ ഘടകപൂരങ്ങൾ തീർത്ത മേളം വരാൻ പോകുന്ന നാദവിസ്മയത്തിന്റെ വിളംബരമായി.
വെയിലും മഞ്ഞുമേൽക്കാതെ ആദ്യം കണിമംഗലം ശാസ്താവെത്തി. നെയ്തലക്കാവ് ദേവി തുറന്നിട്ട തെക്കെ ഗോപുരനട വഴി പൂരപ്രേമികളെയും കൂട്ടി വടക്കുന്നാഥ സന്നിധിയിലെത്തി മേളവും കാഴ്ച്ച വച്ചു. പിന്നാലെ പനംമുക്കുംപള്ളി ശാസ്താ വെത്തി ശ്രീ മൂലസ്ഥാനത്ത് മേള ഗോപുരം തീർത്തപ്പോൾ താളം പിടിക്കാൻ ജനാവലി മൽസരിച്ചു.
ചെമ്പൂക്കാവ് ഭഗതിയിൽ തുടങ്ങി കാരമുക്ക് ഭാഗവതിയും ലാലൂർ കാർത്ത്യായനിയും ചൂരക്കോട്ടുകാവിലമ്മയും അയ്യന്തോൾ കാർത്ത്യായനിയും നെയ്തലക്കാവിലമ്മയും ഊഴത്തിനൊത്ത് ഗജവീരൻമാരുടെ അകമ്പടിയ്ക്കൊപ്പം എത്തിയതോടെ പൂരപ്പറമ്പിൽ ആനച്ചന്തവം വിരിഞ്ഞു.