"സത്യത്തിന് നേരെ കണ്ണടയ്ക്കാൻ എനിക്ക് പ്രയാസമാണ് ഞാൻ പ്രതികരിക്കും. അഭിനയം പോലെ തന്നെ സ്വതസിദ്ധമായി കിട്ടിയതാണ് ഇതും. ദിലീപ് ഒരു വിഷമാണെന്ന് ഞാൻ പറഞ്ഞതാണ്, അത്എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്."- സമൂഹമാധ്യമങ്ങൾ സജീവമല്ലാതിരുന്ന കാലത്ത് അഭിനയത്തിന്റെ പെരുന്തച്ചൻ നടൻ തിലകൻ മനോരമന്യൂസിന്റെ നേരെചൊവ്വേയിൽ പറഞ്ഞ വാക്കുകൾ കാലം വീണ്ടും ചർച്ചയാകുന്നു.
സൂര്യഗോളത്തെ ഒരിക്കലും മേഘം മറയ്ക്കില്ല നമ്മുടെ കണ്ണുകളെയാണ് മറയ്ക്കുന്നത് എന്ന് തിലകന്റെ വാചകങ്ങങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോൾ മലയാളസിനിമയും താരസംഘടനയും കടന്നുപോകുന്ന പ്രതിസന്ധികൾക്ക് സമാനമായ സാഹചര്യങ്ങൾ ഇതിന് മുമ്പും ഇറങ്ങിയിട്ടിട്ടുണ്ട്. 2010 മുതൽ 2012വരെയുള്ളകാലം അമ്മ എന്ന സംഘടനയ്ക്ക് പ്രതിസന്ധികാലമായിരുന്നു. അമ്മയിലെ മാഫിയ ബന്ധങ്ങളെക്കുറിച്ചും പകപോക്കലിനെക്കുറിച്ചും തിലകൻ തുറന്നടിച്ച കാലമായിരുന്നു അത്. എന്റെ ധാരണയാണത്, അത് ഇപ്പോഴും നിലനിൽക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതു സത്യമായി തീർന്നിരിക്കുകയാണ്.
എന്നെ വിലക്കാൻ കൂട്ടുനിൽക്കുന്നത് മലയാളത്തിലെ ഇപ്പോഴത്തെ സൂപ്പർതാരവും താരങ്ങൾക്ക് ചുറ്റുമുള്ള ഉപഗ്രഹങ്ങളുമാണെന്ന് ആവർത്തിച്ച് ആവർത്തിച്ച് അദ്ദേഹം പറഞ്ഞു. ദിലീപിന്റെ അഭിനയം മിമിക്രിപോലെയാണ്, മോഹൻലാലിനൊപ്പോലെയൊന്നും ദിലീപിന് അഭിനയിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് പലവട്ടം തിലകൻ പരസ്യവിമർശനം നടത്തി.
"മലയാളസിനിമയിൽ പാരവെപ്പും പാരദൂഷണവും മാത്രമാണ് ഇപ്പോൾ ഉള്ളത്"- എന്നാണ് തിലകൻ 2011ൽ മനോരമന്യൂസിന്റെ നേരെചൊവ്വേയിൽ പറഞ്ഞിരുന്നു. അമ്മയുടെ ജനറൽബോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണം പോലും തേടേണ്ട സാഹചര്യം അഭിനയകുലപതിക്ക് ഉണ്ടായിട്ടുണ്ട്. എനിക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല, വൃത്തികേട് കാണിച്ചാൽ തുറന്നുപറയും- എന്ന നിലപാടിൽ തന്നെയാണ് മരണംവരെയും ഉറച്ചുനിന്നത്. സംഘടന മാഫിയയാണെന്ന് പറഞ്ഞു എന്ന് ആരോപിച്ചായിരുന്നു തിലകന്റെ അപ്രഖ്യാപിത വിലക്ക്.
സംഘടനയുടെ വിലക്ക് മറികടന്നാണ് വിനയന്റെ സിനിമയിൽ തിലകൻ അഭിനയിച്ചത്. തിലകനോടൊപ്പം സഹകരിച്ചതിന്റെ പേരിൽ സംവിധായകൻ വിനയൻ ഉൾപ്പടെ നിരവധിപ്പേർ അമ്മയുടെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള വെറുപ്പിന്പാത്രമായി. ഒമ്പത് വർഷം നീണ്ട വിനയന്റെ അപ്രഖ്യാപിത വിലക്ക് ഈ മാസം ആദ്യമാണ് നീക്കിയത്. വിലക്കിയവർക്ക് പിഴ ശിക്ഷ ലഭിക്കുന്നതുവരെ വിനയൻ അമ്മയ്ക്ക് അപ്രിയനായി തുടരുകയായിരുന്നു.