കുഞ്ഞുവിരലുകള്‍ കൊണ്ട് വര്‍ണവിസ്മയം തീര്‍ത്ത് കടന്നുപോയ ക്ലിന്റ് സിനിമയില്‍ പുനര്‍ജനിക്കുന്നതിന്റെ ആവേശത്തിലാണ് മാതാപിതാക്കള്‍. ക്ലിന്റിന്റെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ ഹരികുമാര്‍ ഒരുക്കുന്ന ചിത്രം വൈകാതെ തിയറ്ററുകളിലെത്തും. ക്ലിന്റിന്റെ പിതാവ് ജോസഫും അമ്മ ചിന്നമ്മയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
ഏഴുവയസ്സിനിടെ മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ച് ലോകത്തെ വിസ്മയിപ്പിച്ച ക്ലിന്റിന്റെ ജീവിതം അതേ പേരില്‍ തന്നെയാണ് സിനിമയാകുന്നത്. ഓമനിച്ചു കൊതിതീരും മുന്‍പേ ക്ലിന്റിനെ വിട്ടുപിരിയേണ്ടിവന്ന മാതാപിതാക്കള്‍ക്ക് ക്ലിന്റിനെ സ്ക്രീനില്‍ കാണാന്‍ കഴിയുമല്ലോ എന്നോര്‍ക്കുമ്പോള്‍ ഏറെ സന്തോഷം.
ക്ലിന്റിന്റെ കൂട്ടുകാരിയായിരുന്ന അമ്മു നായർ എഴുതിയ ഇംഗ്ലിഷ് പുസ്തകമാണ് സിനിമയിലേക്ക് വഴിതുറന്നത്. ക്ലിന്റ് ആയി അഭിനയിക്കുന്നത് തൃശൂർ സ്വദേശി മാസ്റ്റർ അലോകാണ്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലും ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നു. ക്ലിന്റിന്റെ യഥാര്‍ഥ മാതാപിതാക്കളെയും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.
കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നതിന് മാതൃകയാണ് ക്ലിന്റിന്റെ മാതാപിതാക്കളുടെ ജീവിതമെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ക്ലിന്റിന് ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തു എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് അമ്മ ചിന്നമ്മ പറയുന്നു.
ഒന്നര വയസ്സായപ്പോൾ തന്നെ ക്ലിന്റ് നന്നായി മലയാളം സംസാരിക്കാനും ചിത്രങ്ങൾ വരയ്ക്കാനും തുടങ്ങിയിരുന്നു. ഏഴാം വയസ്സില്‍ മരണത്തിനു കീഴടങ്ങുന്നതുവരെയുള്ള ക്ലിന്റിന്റെ ജീവിതം പകർത്തുന്ന സിനിമ രണ്ടുവർഷത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് യാഥാര്‍ഥ്യമാകുന്നത്. ക്ലിന്റ് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 41 വയസ്സ് ഉണ്ടാകുമായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. ഏകമകനായിരുന്ന ക്ലിന്റിന്റെ ഓര്‍മകളില്‍ ജീവിതം തള്ളിനീക്കുന്ന ജോസഫും ചിന്നമ്മയും ചിത്രം തിയറ്ററിലെത്താന്‍ കാത്തിരിക്കുകയാണ്.