തീയറ്ററുകളെ പൂരപ്പറമ്പാക്കി മാസ് ചിത്രം മാസ്റ്റര്‍പീസ് പ്രേക്ഷകരെ കയ്യിലെടുക്കുകയാണ്. പരീക്ഷക്കാലമായിട്ടും തീയറ്ററുകളില്‍ ആളൊട്ടും കുറവില്ല. പക്ഷേ സിനിമ കണ്ടിറങ്ങിയവര്‍ മറ്റൊരു കാര്യം ആലോചിച്ച് തല മൂക്കത്ത് വിരല്‍വയ്ക്കുകയാണ്. സിനിമയിലെ മൂന്നോ നാലോ സീനുകളില്‍ മമ്മൂട്ടി പറയുന്ന ഡയലോഗുകള്‍ ഓര്‍ത്താണത്. സംഗതി ഇതാണ്. ഒരു സീനില്‍ തന്നോട് കയര്‍ക്കുന്ന വനിതാ ഓഫീസറോട് കോളജ് പ്രൊഫസറായ മമ്മൂട്ടി പറയുന്നു: ‘‘ഐ ഡു റെസ്പക്ട് വുമണ്‍, ബെറ്റര്‍ യു മൈന്‍ഡ് യുവര്‍ വേര്‍ഡ്സ്.’’
അന്നേരം തീയറ്റര്‍ ആരവങ്ങളില്‍ ഇളകിമറിയുന്നു. സമീപകാലത്ത് സ്ത്രീവിരുദ്ധമെന്ന നിലയില്‍ മമ്മൂട്ടിച്ചിത്രം കസബയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ആരാധകര്‍ ഈ സീനിനെ എടുത്തതെന്ന് വ്യക്തം. പക്ഷേ യാഥാര്‍ഥ്യം മറ്റൊന്നാണ്. ഈ പുതിയ വിവാദം ആരംഭിക്കുന്നതിന് മാസങ്ങള്‍ മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് മാസ്റ്റര്‍പീസ്. അതാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നതും.
'കാലത്തെ തോല്‍പിക്കുന്ന ഡയലോഗ്' എന്നുവരെയാണ് സമൂഹമാദ്യമങ്ങളില്‍ ചിലര്‍ നല്‍കുന്ന അടിക്കുറിപ്പ്. മാസ്റ്റര്‍പീസിന്‍റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണയുടെ തന്നെ ചിത്രമായ പുലിമുരുകനും സ്ത്രീവിരുദ്ധമെന്ന ആരോപണങ്ങള്‍ വ്യാപകമായി കേട്ടിരുന്നു. ആ വെളിച്ചത്തിലാകാം ഉദയ്കൃഷ്ണയുടെ പുതിയ സിനിമയില്‍ ഇത്തരം രംഗങ്ങള്‍ ഇടംപിടിച്ചതെന്നാണ് മറ്റൊരു പക്ഷം.
മാസ്റ്റര്‍പീസെത്തി, കേരളമെങ്ങും കാതടിപ്പിക്കുന്ന കരഘോഷം
രാവിലെ ഏഴരയോടെ ആരംഭിച്ച ഫാന്‍സ് ഷോകളോടെയായിരുന്നു സംസ്ഥാനത്തെ ആദ്യപ്രദര്‍ശനങ്ങള്‍. അടിമുടി ട്വിസ്റ്റുകളും സസ്പെന്‍സുകളും മലയാളത്തിന് അന്യമായ മട്ടിലുള്ള ആക്ഷന്‍ സീക്വന്‍സുകളും നിറഞ്ഞ ആഘോഷകാലസിനിമ. ഒറ്റവാക്കില്‍ മാസ്റ്റര്‍പീസിനെ ഇങ്ങനെ നിര്‍വചിക്കാം. ആരാധകര്‍ ചിത്രത്തെ ആഘോഷമാക്കുമെന്ന് ആദ്യദിവസത്തെ പ്രതികരണങ്ങള്‍ ഉറപ്പാക്കുന്നു.
സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപള്ളി, ചിത്രത്തിലെ യുവതാരങ്ങള്‍ തുടങ്ങി നിരവധി അണിയറപ്രവര്‍ത്തകര്‍ എറണാകുളം കവിത തീയറ്ററിലാണ് സിനിമ കണ്ടത്. സിനിമയ്ക്കുശേഷം ആരാധക സംഘടനകള്‍ സംഘടിപ്പിച്ച റീലീസ് ആഘോഷങ്ങളിലും അവര്‍ പങ്കെടുത്തു.
എല്ലാ റിലീസിങ് കേന്ദ്രങ്ങളില്‍ നിന്നും ചിത്രത്തിന് ഹെവി റിട്ടേണ്‍സ് ആണെന്ന് യുകെ സിനിമാസിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം മുഴുനീളം യുവതാരങ്ങളുടെ പടതന്നെ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്ഗോപി, മഖ്ബൂല്‍ സല്‍മാന്‍, അര്‍ജുന്‍, അമീര്‍, ദിവ്യദര്‍ശന്‍ എന്നിവര്‍ ആക്ഷന്‍ രംഗങ്ങളിലടക്കം തിളങ്ങുന്നു. മുകേഷ്, സന്തോഷ് പണ്ഡിറ്റ്, പൂനം ബാജ്‌വ, വരലക്ഷ്മി ശരത്കുമാര്‍, നന്ദു തുടങ്ങിയവരും ചിത്രത്തിലുണ്ട്.