ലൈംഗിക പീഡനത്തിന് ഇരകളാകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതിനു സംസ്ഥാന സർക്കാരിനു നിർദേശം നൽകുന്ന കാര്യം പരിഗണിക്കുമെന്നു ബോംബെ ഹൈക്കോടതി. ഉഭയസമ്മതത്തോടെയായാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായുള്ള ശാരീരിക ബന്ധം ലൈംഗിക പീഡനമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. സർക്കാരിൽനിന്നു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പതിനാലുകാരി നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, ജസ്റ്റിസ് ജി.എസ്. കുൽക്കർണി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച്. നഷ്ടപരിഹാരം മൂന്നു ലക്ഷം രൂപയിൽനിന്നു പത്തു ലക്ഷമാക്കി വർധിപ്പിക്കുന്ന കാര്യമാണ് പരിഗണിക്കുക. ലൈംഗിക പീഡനത്തിന് ഇരകളാകുന്നവർക്കു മഹാരാഷ്ട്ര സർക്കാർ മൂന്നു ലക്ഷം രൂപ മാത്രം നൽകുമ്പോൾ ഗോവ സർക്കാർ പത്തുലക്ഷം രൂപ അനുവദിക്കുന്നുണ്ടെന്നു പെൺകുട്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
വിവാഹ വാഗ്ദാനം നൽകിയയാൾ പീഡനത്തിന് ഇരയാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ബോറിവ്‌ലി സ്വദേശിയായ പെൺകുട്ടി മനോധൈര്യ പദ്ധതിപ്രകാരമുള്ള നഷ്ടപരിഹാരത്തിനായി സർക്കാരിനെ സമീപിച്ചത്. എന്നാൽ ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന നിഗമനത്തിൽ സർക്കാർ ഈ അപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2013 ഒക്‌ടോബറിൽ തുടക്കമിട്ട മനോധൈര്യ പദ്ധതിപ്രകാരമാണ് ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്കു സംസ്ഥാന സർക്കാർ മൂന്നു ലക്ഷം രൂപ നൽകിത്തുടങ്ങിയത്. ഇരകൾക്കു കൗൺസലിങ്ങും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്
പീഡനം ഉഭയസമ്മതപ്രകാരം; സർക്കാർ നിലപാടിനെതിരെ ചീഫ് ജസ്റ്റിസ്
ഈ കുട്ടി പീഡനത്തിനിരയായ സംഭവം ഉഭയസമ്മതപ്രകാരമാണെന്ന സർക്കാർ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നു വാദം കേൾക്കവേ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ അഭിപ്രായപ്പെട്ടു. സമ്മതം നൽകാനോ അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനോ ഉള്ള പക്വത അവൾക്കായെന്നു നിങ്ങൾ കരുതുന്നുണ്ടോ? അവളുടെ സമ്മതത്തോടെ ആയാൽ പോലും അതു ലൈംഗിക പീഡനം തന്നെയാണ്- മഞ്ജുള ചെല്ലൂർ ചൂണ്ടിക്കാട്ടി. അടുത്ത ആഴ്ചയിലെ വാദം കേൾക്കലിൽ മനോധൈര്യ പദ്ധതിയുടെ വിശദാംശങ്ങളുമായി നേരിട്ടു ഹാജരാകാൻ മുംബൈ സബേർബൻ കലക്ടർക്കു കോടതി നിർദേശം നൽകി.
പീഡനക്കേസ്: 289 %വർധന
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നഗരത്തിലെ ലൈംഗിക പീഡനക്കേസുകളിൽ 289 ശതമാനം വർധനയുണ്ടെന്നാണ് വിവരാവകാശ രേഖകളിൽ വ്യക്തമാകുന്നത്. പീഡനത്തിന് ഇരയാകുന്നവരിൽ അൻപതു ശതമാനത്തിലേറെയും കുട്ടികളോ പ്രായപൂർത്തിയാകാത്തവരോ ആണ്.