അബി എന്ന രണ്ടക്ഷരം, എന്താണ് മിമിക്രി എന്ന മലയാളിയുടെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ദീര്‍ഘകാലം. കസെറ്റുകളുടെ വരവോടെ മിമിക്രിലോകത്തെ സൂപ്പര്‍സ്റ്റാറായി മാറിയ അബി സിനിമയിലൂടെയും ഇഷ്ടം വര്‍ധിപ്പിച്ചു. മൂന്നുപതിറ്റാണ്ടോളം അനുകരണകലയ്ക്കൊപ്പം സഞ്ചരിച്ച അബി ബാക്കിവയ്ക്കുന്നത് ഉയരങ്ങള്‍ കീഴടക്കിയ അനേകം ശിഷ്യരെക്കൂടിയാണ്.
ആമിന താത്തയായിരുന്നു അബിയുടെ മാസ്റ്റര്‍ പീസ്. മിമിക്സ് പരേഡില്‍ സിദ്ധിഖ് ലാല്‍ ടീം കയ്യടി വാങ്ങിക്കുന്ന കാലം. അതിന്റെ തുടര്‍ച്ചയിലേക്കാണ് മിമിക്രിയില്‍ പുതിയ നമ്പറുകളുമായി മൂവാറ്റുപുഴക്കാരന്‍ അബി കൊച്ചിയില്‍ തമ്പടിക്കുന്നത്. കലാഭവനിലെ ചെറിയ കാലം മാറ്റിനിര്‍ത്തിയാല്‍ ഒറ്റയാനായിരുന്നു എന്നും അബി. സ്റ്റേജിലെ മികവുറ്റ പ്രകടനത്തിന്റെ ബാക്കിപത്രമെന്നോണം ആരാധകര്‍ ശിഷ്യഗണങ്ങളായി കൂടെക്കൂടി. ദിലീപിനെയും നാദിര്‍ഷയെയും ഒപ്പം നിര്‍ത്തി ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം പോലുള്ള ഓണക്കാല കസെറ്റ് വിരുന്നുകള്‍ അബിയെ ജനയപ്രിയതാരമാക്കി.
അഭിനയിച്ച സിനിമകളുടെ എണ്ണംകുറവെങ്കിലും കിരീടമില്ലാത്ത രാജാക്കന്മാര്‍ പോലുള്ള സിനിമകളില്‍ വേറിട്ടവേഷം ചെയ്തു. മനോരമ ന്യൂസ് മേക്കര്‍ ചടങ്ങിനായി അമിതാഭ് ബച്ചന്‍ കൊച്ചിയിലെത്തിയപ്പോള്‍ അബി സദസ്സിലുണ്ടായിരുന്നു. പിന്നീട് കണ്ടത് ബിഗ്ബിയെ അമ്പരപ്പിച്ച കലാകാരനെയാണ്.
മഴവില്‍ മനോരമയിലെ സിനിമാ ചിരിമാ, പ്രേക്ഷകരെ ആവശ്യമുണ്ട് തുടങ്ങിയ പരിപാടികളിലൂടെ അവസാനകാലത്തും അബി കാണികളെ ചിരിപ്പിച്ചു. അതായിരുന്നു ദൗത്യം. കാലം ആ ചിരിക്ക് വിരാമമിടുമ്പോള്‍ വിതുമ്പുന്നത് സഹപ്രവര്‍ത്തകര്‍ മാത്രമല്ല, കാലാലോകം ഒന്നാകെയാണ്.