ചെറിയ പ്ലോട്ടുകളിലെ വീടുകൾ കേരളത്തിന് പുതുമയല്ല. ചെറിയൊരു തുണ്ട് ഭൂമിയിൽ വീടുവച്ച് കഴിയുന്ന ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോൾ തിരുവനന്തപുരം ചാക്ക സ്വദേശിയും മുൻ കൗൺസിലറുമായ വി. സൈജുവിന്റെ ജാഹ്നവി എന്ന വീട് ഇത്ര ജനശ്രദ്ധ ആകർഷിക്കാൻ കാരണമെന്താണ്? ഉത്തരം സിംപിൾ. വെറുതേ തല ചായ്ച്ചു കിടന്നുറങ്ങാൻ മാത്രം രൂപകൽപന ചെയ്ത വീടല്ലിത്. ഭംഗിയുടെയും സൗകര്യത്തിന്റെയും കാര്യത്തിൽ ഈ വീടൊരു കുഞ്ഞ് ആഡംബരപ്രിയനാണ്. ഉള്ളതുകൊണ്ട് ഓണം മാത്രമല്ല, പെരുന്നാളും ക്രിസ്മസും വരെ ആഘോഷിച്ചെന്ന് ചുരുക്കം.
ഹൗസിങ് ബോർഡിൽനിന്ന് ലഭിച്ച വീട് പൊളിച്ചുപണിയാൻ തീരുമാനിച്ചപ്പോള്‍ സൈജുവിന് അധികം മോഹങ്ങളൊന്നുമില്ലായിരുന്നു. ഒന്നേകാല്‍ സെന്റ് സ്ഥലത്ത് എന്ത് ചെയ്യാൻ? തന്റെ സഹപ്രവർത്തകനും ഇന്റീരിയർ ഡിസൈനറുമായ ഡെന്നിയെയാണ് ഡിസൈനിങ് ജോലികൾ ഏൽപിച്ചത്. പരിമിതികൾക്കുള്ളിൽനിന്ന് ഡെന്നി സൃഷ്ടിച്ച മാജിക് കാണാൻ ഇപ്പോൾ ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു.
പ്ലോട്ടിൽ നിറഞ്ഞു നിൽക്കുന്ന വീടിന് ചുറ്റുമതിലുകളില്ല. വീടിന്റെ പുറംഭിത്തി തന്നെയാണ് മതിലിന്റെ റോളിലും. സ്ലൈഡിങ് ഗെയ്റ്റ് നൽകിയിട്ടുണ്ട്. വീടിന്റെ ഭാഗമെന്നു തോന്നിപ്പിക്കുംവിധമാണ് പോർച്ചിന്റെ ഡിസൈന്‍. ഒരു വശത്തായി ചെറിയൊരു കോർട്‌യാർഡിനും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പർഗോളകളും സ്റ്റോൺ ക്ലാഡിങ്ങുമെല്ലാം എക്സ്റ്റീരിയറിന് മതിപ്പ് കൂട്ടുന്നു. ഗ്ലാസ്, സ്റ്റീൽ എന്നിവകൊണ്ടാണ് ബാൽക്കണി നിർമിച്ചത്. മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടായതിനാൽ ചുറ്റുപാടും ഒഴിച്ചിടേണ്ട സ്ഥലത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യമില്ലായിരുന്നു.
മൂന്നംഗ കുടുംബത്തിനു വേണ്ടിയുള്ള വീട് മൂന്ന് നിലകളിലായിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ നിലയും 500 ചതുരശ്രയടിക്കടുത്ത് വരും. ഈ ചെറിയ സ്ഥലത്തിനുള്ളിലും ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ട്. ഒന്നും അധികമായിട്ടുമില്ലതാനും. വാതിൽ തുറന്നാൽ വലതുവശത്തായി ലിവിങ് സ്പേസ്. ‘L’ ആകൃതിയിലൊരു ഫാബ്രിക് സോഫയും പൂർണമായും ഗ്ലാസിൽ നിർമിച്ച ടീപോയും കാണാം.
നേരെ എതിർവശത്തുള്ള അടുക്കളയെ വേർതിരിക്കാൻ ബ്രേക്ഫാസ്റ്റ്കൗണ്ടർ നൽകിയിട്ടുണ്ട്. തടികൊണ്ടുള്ള ക്ലാഡിങ്ങും ജാളിവർക്കും നൽകി കൗണ്ടർ ആകർഷകമാക്കി. തൊട്ടുചേർന്നുതന്നെ മൂന്ന് പേർക്കിരിക്കാവുന്ന ഡൈനിങ് ടേബിൾ ഒരുക്കിയിട്ടുണ്ട്. വാഷ്ഏരിയയും കോമൺ ബാത്റൂമും കൂടി ചേരുമ്പോൾ താഴത്തെ നിലയിലെ വിശേഷങ്ങൾ പൂർത്തിയായി. മറ്റൊരു സവിശേഷത കൂടി പറഞ്ഞിട്ട് കോണിപ്പടി കയറാം. വീടിന്റെ ജനാലകൾ തുറക്കുന്നത് അയൽക്കാരുടെ ഭിത്തി, അല്ലെങ്കിൽ മതിലിലേക്കാണ്. ജനാല തുറന്നാൽ ഭംഗിയുള്ള കാഴ്ച കാണാൻ എന്താ വഴി? അയൽക്കാരുടെ വീടും പെയിന്റടിക്കുക തന്നെ. അങ്ങനെ അടുക്കള ജനാല തുറന്നാൽ കാണുന്ന അയൽഭിത്തിയിൽ മനോഹരമായ പടങ്ങൾ വരച്ചുചേർത്തു. ഇനി പടി കയറാം.
കോണിപ്പടിയുടെ ലാൻഡിങ്ങിൽ നീഷ് സ്പേസുകൾ, വശങ്ങളിലെ ഭിത്തിയിൽ കോൺക്രീറ്റ് വളയങ്ങൾ ഇങ്ങനെ അലങ്കാരങ്ങള്‍ ചില്ലറയല്ലിവിടെ. കോണിപ്പടിയിൽ സ്ഥാപിച്ച വുഡൻ പാനലിങ്ങിലാണ് ടിവി ഏരിയ ഒരുക്കിയത്. കോണിപ്പടിക്കടിയിലായി സ്റ്റോറേജ് ഏരിയയും നൽകിയിട്ടുണ്ട്.
സ്റ്റെയർകെയ്സിന്റെ ലാൻഡിങ്ങിലാണ് ഫാമിലി സ്പേസ് ഇടംപിടിച്ചത്. പ്രാർഥനയ്ക്കുള്ള ഇടവും ലൈബ്രറിയും ചേർന്ന് ഒരു ഭിത്തി പങ്കിട്ടെടുക്കുന്ന കാഴ്ചയും കാണാം. എന്നാൽ ഈ വീട്ടിലെ ഏറ്റവും മനോഹരമായ കാഴ്ച കാണണമെങ്കിൽ മുകളിലെ കിടപ്പുമുറിയിലേക്ക് കാഴ്ച തിരിക്കണം. കയറുമ്പോൾത്തന്നെ ഇടതുവശത്തായി കാണാം, അടിപൊളിയൊരു വെർട്ടിക്കൽ ഗാർഡൻ. മുകളിലെ ഓപൻ പർഗോളയിലൂടെ കാറ്റും മഴയുമെല്ലാം അകത്തെത്തും. അടുത്തിരുന്ന് മഴയറിയാൻ ഇരിപ്പിടവും ഒരുക്കി. കബോർഡ്, വാഡ്രോബ്, കിടക്കവിരി തുടങ്ങി മകളുടെ മുറിയിലെ സകല വസ്തുക്കളും പിങ്ക്മയം.
മാസ്റ്റർ ബെഡ്റൂം പക്ഷേ, ഒരു ത്രീസ്റ്റാർ ഹോട്ടൽ ബെഡ്റൂമിനെ ഓർമിപ്പിക്കുന്നതാണ്. ഇവിടത്തെ താരം ബ്രൗൺ നിറം ആണ്. തറയിൽ വുഡൻ ഫ്ലോറിങ്. ഹെഡ്ബോർഡ് ഭിത്തിയിൽ പാനലിങ് നൽകി. ഇതേ ഡിസൈനിലാണ് സൈഡ്ടേബിളും. ഇവിടെ ബാൽക്കണിയും നൽകിയിട്ടുണ്ട്.
ഇനി മൂന്നാം നിലയിലേക്ക്. ഈ ഭാഗം അതിഥികൾക്കുവേണ്ടി മാറ്റി വച്ചിരിക്കുന്നു. പ്രത്യേകം മുറി നൽകിയിട്ടില്ലെങ്കിലും ബെഡ്സ്പേസ് ഒരുക്കിയിട്ടുണ്ട്. ഒരു വാതിൽ തുറന്നാൽ ഓപൻ ടെറസ്. മറുവശത്തെ വാതിൽ തുറന്നാൽ വീട്ടിലെ രണ്ടാം ബാൽക്കണിയിലേക്കിറങ്ങാം. രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോക്കുവരവ് നടത്തുന്ന വിമാനങ്ങൾ കണ്ടിരുന്നൊരു ചായ കുടിക്കാം.
കേട്ടറിഞ്ഞ വീടിനെ കണ്ടറിയാൻ പല ആളുകളും എത്തുന്നുണ്ട്. മനസ്സിലെ പ്ലാനിൽ പല തിരുത്തലും വരുത്തിയിട്ടാകും അവർ മടങ്ങുക. ഒപ്പം ഒരു ചോദ്യവും ബാക്കിയാവും. ഈ ഒന്നേകാൽ സെന്റെന്നൊക്കെ പറയുന്നത് അത്ര ചെറുതാണോ?
മഴ, ഇഷ്ടമുള്ളപ്പോൾ മാത്രം
മകളുടെ കിടപ്പുമുറിയിലെ വെർട്ടിക്കൽ ഗാർഡനു മുകളിലായി പർഗോള വരുന്നു. പോളികാർബണേറ്റ് ഷീറ്റ്കൊണ്ടുള്ള അതിന്റെ മേലാപ്പ് സ്വിച്ചിട്ടാൽ യാന്ത്രികമായി തെന്നിമാറും. മഴ അധികമായാലൊരു കരുതൽ വേണമല്ലോ!
ചിത്രങ്ങൾ - ഹരികൃഷ്ണൻ