പരസ്യമായി മുലയൂട്ടുന്ന മോഡലിന്‍റെ ചിത്രം ഉയര്‍ത്തിവിട്ട ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍. പരസ്യമായോ രഹസ്യമായോ മുലയൂട്ടുക എന്നത് അമ്മയുടെയും മുലപ്പാല്‍ സ്വീകരിക്കുക എന്നതും കുഞ്ഞിന്റെയും അവകാശമാണ്. അതിനെ ഇങ്ങനെ കച്ചവടവത്കരിക്കേണ്ടതുണ്ടോയെന്ന് ഒരുകൂട്ടര്‍. കച്ചവടമല്ല, സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ അടരുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് വേറൊരു പക്ഷം.
വിമര്‍ശനങ്ങളും മറുവാദങ്ങളും എതിര്‍വാദങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. എന്നാല്‍, ഈ ചര്‍ച്ചകളെല്ലാം ചെന്നെത്തുന്നത് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ജിലു ജോസഫ് എന്ന മോഡലിലാണ്. കുമളിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയില്‍ നിന്നും ജിലു ജോസഫ് എന്ന തന്റേടിയായ സ്ത്രീയിലേക്കുള്ള ദൂരം. പ്രതിസന്ധികളെയും വിമര്‍ശനങ്ങളെയും നേരിട്ടുതന്നെയാണ് ജിലു ആകാശ സ്വപ്നം കണ്ടത്. എയര്‍ ഹോസ്റ്റസ്, അഭിനേത്രി, എഴുത്തുകാരി, മോഡല്‍. അങ്ങനെ കൈവച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. മാതൃത്വം മറയില്ലാതെ അവതരിപ്പിച്ചതിന്റെ പേരിലിപ്പോള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ജിലു നേരിടുന്നത്. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ജിലു.
ചുരത്താത്ത മുലകള്‍ കുഞ്ഞിന്റെ ചുണ്ടിനോട് ചേര്‍ത്ത് യഥാര്‍ഥത്തില്‍ മാതൃത്വം ഒരു വില്‍പന ചരക്കാക്കുകയല്ലേ ചെയ്തത്?
ശരിയാണ്. ഞാനൊരു അമ്മയല്ല. പക്ഷേ മുലയൂട്ടല്‍ ഒരു പാപമായി കരുതുന്നുമില്ല. ആളുകള്‍ പറയുന്ന പ്രധാന വിമര്‍ശനം എന്നത് ആ കുഞ്ഞിന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല എന്നാണ്. മാതൃത്വം എന്റെ മുഖത്ത് പ്രകടമായില്ല എന്നൊക്കെയാണ് പ്രധാന വിമര്‍ശനം. പക്ഷേ, ഞാനൊരു ക്യാംപയിനിന്റെ ഭാഗമാവുക മാത്രമാണ് ചെയ്തത്.
അതിനര്‍ഥം നാളെ മുതല്‍ കേരളത്തിലെ എല്ലാ അമ്മമാരും വസ്ത്രമഴിച്ചിട്ട് മുലയൂട്ടണം എന്നല്ല. സാഹചര്യവശാല്‍ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ അതിന് ഒരു മടിയും വിചാരിക്കേണ്ടതില്ല എന്നതാണ്. നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെയാണ് മുലയൂട്ടുന്നത്. അതൊരു നല്ല കാര്യമാണെന്നാണ് പറയുന്നത്. ഞാന്‍ ലോകത്തോട് എന്തുപറയാന്‍ ആഗ്രഹിക്കുന്നുവോ അതാണ് ഞാന്‍ ഇതിലൂടെ പറഞ്ഞത്. അതിലെന്താണ് തെറ്റെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല.
കുഞ്ഞിന്റെ അവകാശം നിഷേധിക്കപ്പെട്ടു എന്നതുപോലുള്ള വിമര്‍ശനങ്ങളെയും കണക്കിലെടുക്കേണ്ടേ..?
ഞാന്‍ എന്റെ കയ്യിലുള്ള കുഞ്ഞിനോട് ചെയ്ത തെറ്റെന്താണ്? കുഞ്ഞിനെ തല്ലുകയോ കൊല്ലുകയോ ഇരുട്ടുമുറിയിലിട്ടു പീഡിപ്പിക്കുകയോ ചെയ്തില്ല. പകരം അതിനെ എന്റെ മാറോട് ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. ആ കുഞ്ഞിന്റെ അമ്മ എന്റെ തൊട്ടടുത്തുണ്ടായിരുന്നു അപ്പോള്‍. ഞാനതിനെ സ്നേഹത്തോടെ നോക്കുകയും നെഞ്ചില്‍ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. അല്ലാതെ ഞാനതിനെ നോവിക്കുകയൊന്നുമല്ലല്ലോ ചെയ്തത്. ഈ ബാല പീഢനം എന്നൊക്കെ പറയുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ആളുകള്‍ പറയുന്നത് കേട്ടാല്‍ ഞാന്‍ ആ കുഞ്ഞിനെ ഉപദ്രവിച്ചതു പോലെയാണ് തോന്നുക. വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി മാത്രം കാണുന്നു.
വിമര്‍ശിക്കുന്നത് ഏറെയും അമ്മമാരായ സ്ത്രീകളാണ്, ആ വിമര്‍ശനങ്ങളെ അങ്ങനെ തള്ളാനാകുമോ?
ശരിയാണ്. സ്ത്രീകള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത്. അതും അമ്മമാരായ സ്ത്രീകള്‍. അവര്‍ക്ക് ഈ വിഷയത്തെ അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ചിലര്‍ പറയുന്നു, മുലയൂട്ടുമ്പോള്‍ ഫോട്ടോഗ്രാഫറെ ആയിരുന്നില്ല. കുഞ്ഞിനെയായിരുന്നു നോക്കേണ്ടത്. ഞാന്‍ ഒരു അമ്മയല്ലാത്തതിനാല്‍ എനിക്കത് അറിയില്ലായിരുന്നു.
അപ്പോള്‍ ആരും അത് പറഞ്ഞതുമില്ല. പക്ഷേ, ഒന്നെനിക്കുറപ്പുണ്ട്. ഈ ചിത്രം കണ്ടാല്‍ കേരളത്തിലെ ഒരമ്മയ്ക്കെങ്കിലും ഇഷ്ടപ്പെടാതിരിക്കില്ല. കാരണം നമ്മളെല്ലാം സ്ത്രീകളല്ലേ, ഒരിക്കലെങ്കിലും ആശ്വാസത്തോടെ മുലയൂട്ടാന്‍ കൊതിക്കാത്ത അമ്മമാരുണ്ടാകുമോ?. ഒരു പക്ഷേ അനാവശ്യമായ ഉത്കണ്ഠകളാണ് നമ്മെ കൂടുതല്‍ ആശങ്കാകുലരാക്കുന്നത്.
വീട്ടിലെ സ്ത്രീകളെങ്കിലും ഈ പ്രവര്‍ത്തിയെ അംഗീകരിച്ചോ?
ഇല്ല. ഇടുക്കി കുമളിയിലെ ഒരു സാധാരണ കുടുംബമാണ് എന്റേത്. വീട്ടില്‍ ആരും ഇപ്പോഴും ഇതിനെ അംഗീകരിച്ചിട്ടില്ല. എന്താണ് എന്റെ ഭാഗത്തുണ്ടായ തെറ്റെന്ന് അറിയില്ല. മുലയൂട്ടലോ അഭിനയമോ ഒരു മോശം പ്രവര്‍ത്തിയായി ആരും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ, അതു ഞാന്‍ ചെയ്തപ്പോള്‍ തെറ്റായിപ്പോയി എന്നു പറയുന്നു. വീട്ടുകാരടക്കമുള്ള എന്റെ വിമര്‍ശകരോട് ഒരു കാര്യമേ എനിക്ക് പറയാനുള്ളൂ. എന്താണ് ഇതിലെ തെറ്റെന്ന് കൃത്യമായി ആരെങ്കിലും എനിക്ക് പറഞ്ഞുതരണം.
ഇതിത്ര വലിയ സംഭവമാണോ ? അവിവാഹിതയായ എന്റെ ശരീരത്തിന്റെ ഒരു ഭാഗം പുറത്തു കണ്ടാൽ തീരുന്നതാണോ എന്റെ ജീവിതം? എനിക്കല്ലേ അതുകൊണ്ടു പ്രശ്നമുണ്ടാകേണ്ടത്. എല്ലാവർക്കുമുള്ളതൊക്കെ തന്നെയല്ലേ ഇതൊക്കെ. ആളുകൾ എന്തു പറയുന്നു എന്നതു മാത്രമല്ലേ നമ്മുടെ ഭയം. ? അല്ലാതെ ഈ പ്രവർത്തി എങ്ങനെ മോശമാകും. ?
മുന്‍പ് എയര്‍ഹോസ്റ്റസ് എന്ന പദം പോലും കുമളിക്കാര്‍ കേള്‍ക്കാതിരുന്ന കാലത്താണ് 17 വയസുള്ള ഞാന്‍ എയര്‍ ഹോസ്റ്റസാകാന്‍ തീരുമാനിക്കുന്നത്. അന്നും നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. പക്ഷേ, അന്ന് വീട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു എനിക്ക്. ഈ വിഷയത്തില്‍ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.
എന്താണ് വിമര്‍ശകര്‍ക്കുള്ള മറുപടി?
ഈ ഫോട്ടോ ഷൂട്ടിനു തയ്യാറായത് തികച്ചും എന്റെ വ്യക്തിപരമായ തീരുമാനമാണ്. ആരും എന്നെ നിര്‍ബന്ധിച്ച് ഞാന്‍ ചെയ്തതല്ല. ഞാന്‍ എന്റെ ഇഷ്ടത്തിനു ചെയ്തതാണ്. ഇത്രകാലവും ജീവിച്ചത് എന്റെ ശരികള്‍ക്കനുസരിച്ചാണ്. ജീവിതത്തിലെ നേട്ടങ്ങളെല്ലാം കൈവരിച്ചത് സ്വന്തം ശിരിക്കനുസരിച്ച് മുന്നോട്ടു പോയതിനാലാണ്. ഇതും അങ്ങിനെതന്നെ.
അതുപോലെ വിമര്‍ശകര്‍ക്ക് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത് ശരിയല്ലെന്ന് പറയുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്ന് ഞാനും കരുതുന്നു. വിമര്‍ശനങ്ങളെ മാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.