ചില നല്ല മാതൃകകളുണ്ട്... വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്ന വലിയ മാതൃകകള്‍. അത്തരത്തില്‍ മാതൃകാപരമായ ഒരു ദൗത്യമാണ് ദുബായില്‍ പ്രവാസി മലയാളിയായ രേണുക കൃഷ്ണന്‍റേത്. വളരെ ലളിതമായ രീതിയില്‍ പ്ലാസ്റ്റിക്കിനെതിരെയുള്ള ഒരു വലിയ പോരാട്ടം.
ചെറിയ ചില കാര്യങ്ങളിലൂടെ വലിയ സന്ദേശങ്ങള്‍ നല്‍കുന്ന ചിലരുണ്ട്. അവരിലൊരാളാണ് ദുബായിലെ പ്രവാസി മലയാളിയായ രേണുക കൃഷ്ണന്‍. പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കെതിരായ ഒരു ഒറ്റയാള്‍ പോരാട്ടമാണ് രേണുകയുടേത്. അതും വളരെ ലളിതമായ മാര്‍ഗത്തിലൂടെ. പഴയ ടീ ഷര്‍ട്ടുകളില്‍ നിന്ന് അതിമനോഹരമായ കാരി ബാഗുകളുണ്ടാക്കുകയാണ് രേണുക.
ഉപയോഗിക്കാന്‍ പറ്റാതെ കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു കളയുന്ന ടീ ഷര്‍ട്ടുകള്‍ക്ക് ഇത്തരം ഒരു സാധ്യതയുണ്ടെന്ന് കാണിച്ചു തരികയാണ് ഇവര്‍.
മാറ്റം ആദ്യം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്നാണെന്ന പക്ഷക്കാരിയാണ് രേണുക. കഴിഞ്ഞ മൂന്നു വര്‍ഷമായി രേണുക വീട്ടില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നില്ല. സാധനങ്ങള്‍ വാങ്ങുന്നതും സൂക്ഷിക്കുന്നതുമെല്ലാം ഈ ടീബാഗില്‍ ആണ്. ടീ ഷര്‍ട്ട് വെട്ടി തയ്ച്ചെടുത്ത ബാഗുകളുമായി ഷോപ്പിങ്ങിനെത്തുന്ന രേണുകയും കുടുംബവും ടീ ബാഗ് ഫാമിലി എന്നാണ് സുഹൃദ് വൃത്തങ്ങളില്‍ അറിയപ്പെടുന്നത്.
ദുബായ് ജുമൈറ വില്ലേജില്‍ താമസിക്കുന്ന രേണുക അയല്‍വാസികളിലേക്കും ഈ ആശയം പകര്‍ന്നു നല്‍കുന്നു. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ടീബാഗുകള്‍ എന്ന ആശയം വീടുകളിലേക്കെത്താന്‍ ഏറ്റവും നല്ലത് കുട്ടികളിലൂടെയാൡണെന്ന് രേണുക തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്കൂളുകളുമായി സഹകരിച്ച് കുട്ടികള്‍ക്ക് ടീ ബാഗ് നീര്‍മാണത്തില്‍ പരിശീലനം നല്‍കുകയാണ് രേണുക.
വളരെ നല്ല സ്വീകാര്യതയാണ് ഈ ടീ ബാഗുകള്‍ക്ക് ലഭിക്കുന്നത്. ഒരാളെങ്കിലും പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിച്ച് ടീ ബാഗുകളിലേക്ക് മാറിയാല്‍ അത് വലിയ നേട്ടമാണെന്നാണ് രേണുകയുടെ പക്ഷം. നമുക്ക് നമ്മുടെ വീടുകളില്‍ അനുകരിക്കാവുന്ന ഒരു നല്ല മാതൃക.. പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞ് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്പോള്‍ നമ്മളും അണി ചേരുകയാണ് പ്രകൃതിസംരക്ഷണം എന്ന വലിയ ലക്ഷ്യത്തിലേക്ക്.