• എസ്എംഇ സെക്ടറിലെ ഏറ്റവും വലിയ ഐപിഒ
  • ഗ്രേ മാർക്കറ്റിൽ ഓഹരി വില കുതിക്കുന്നു
  • സബ്സ്ക്രിപ്ഷൻ തിങ്കളാഴ്ചയാണ് അവസാനിക്കും

ഐപിഒ വിപണിയിൽ തിരക്കോട് തിരക്കാണ്. ഈ ആഴ്ചയിൽ തന്നെ 11 ഐപിഒകൾ. അതിനേക്കാളേറെ ലിസ്റ്റിങ്. ഈ തിരക്കിനിടെ ലാഭം നോക്കി നടക്കുകയാണ് നിക്ഷേപകർ. ഈ ആഴ്ച വിപണിയിലെത്തുന്ന സ്മോൾ മിഡിയം എൻറർപ്രൈസ് (എസ്എംഇ) ഐപിഒകളിൽ പ്രധാനപ്പെട്ട ഒന്നാണ്  സഹസ്ര ഇലക്ട്രോണിക് സൊല്യൂഷൻസ്. എസ്എംഇ സെക്ടറിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയാണ് സഹസ്ര ഇലക്ട്രോണിക് സൊല്യൂഷൻസ്. 

Also Read: 15,000 നിക്ഷേപിച്ചവർക്ക് ലിസ്റ്റിങ് ദിവസം ലാഭം 20,330 രൂപ! ഐപിഒയ്ക്ക് പിന്നാലെ നിക്ഷേപകർ

വ്യാഴാഴ്ച ആരംഭിച്ച ഐപിഒയിലൂടെ 186 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ ഉദ്യേശിക്കുന്നത്. 65.78 ലക്ഷം പുതിയ ഓഹരികളും 5 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഓഹരി വിൽപ്പന. ഐപിഒയ്ക്ക് മുന്നോടിയായി കമ്പനിയുടെ ഒരു കോടി രൂപ വരുന്ന ഓഹരികളാണ് എച്ച്ഡിഎഫ്സി ബാങ്ക് സ്വന്തമാക്കിയത്. ലിസ്റ്റിങ് നേട്ടത്തിന് സൂചന നൽകുന്ന ​ഗ്രേ മാർക്കറ്റിലും ഓഹരി കുതിക്കുകയാണ്.  

സഹസ്ര ഇലക്ട്രോണിക് സൊല്യൂഷൻസ് ഐപിഒയ്ക്ക് മുൻപായി ആങ്കർ നിക്ഷേപകർ മുഖേന 53 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 36,500 ഓഹരികളാണ് 1,00,74,800 രൂപയ്ക്ക് എച്ച്ഡിഎഫ്സി ബാങ്ക് സ്വന്തമാക്കിയത്. 

Also Read: ലിസ്റ്റിങ് നേട്ടമുണ്ടാക്കുമോ? ഈ ആഴ്ചയില്‍ അവസരവുമായി 10 ഐപിഒകള്‍

ഓഹരിയൊന്നിന് 269-283 രൂപ നിരക്കിലാണ് സഹസ്ര ഇലക്ട്രോണിക് സൊല്യൂഷൻസ് ഐപിഒ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. 400 ഓഹരികൾ അടങ്ങുന്ന ലോട്ടിന് റീട്ടെയിൽ നിക്ഷേപകർക്ക് അപേക്ഷിക്കാം. ഒരു ലോട്ടിന് അപേക്ഷിക്കാൻ ചുരുങ്ങിയത് 113,200 രൂപ വേണം. വ്യഴാഴ്ച ആരംഭിച്ച ഐപിഒ സബ്സ്ക്രിപ്ഷൻ 30 തിന് തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്.

സബ്സ്ക്രിപ്ഷൻ ആരംഭിച്ച ഇന്ന് രാവിലെ 12 മണിയോടെ 1.58 മടങ്ങ് അധിക സബ്സ്ക്രിപ്ഷനാണ് റീട്ടെയിൽ വിഭാ​ഗത്തിലുണ്ടായത്. റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവച്ചത് 21,87,200 ഓഹരികളാണെങ്കിൽ 34,52,800 ഓഹരികൾക്കുള്ള അപേക്ഷ ഇതിനോടകം എത്തി.  

അൺലിസ്റ്റഡ് വിപണിയിൽ കമ്പനിയുടെ ഓഹരികൾ 190  രൂപ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. അതായത് നിലവിലെ ഇഷ്യുവിലയായ 283 രൂപയേക്കാൾ 67 ശതമാനം പ്രീമിയത്തിൽ 473 രൂപയിൽ കമ്പനിയുടെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. 

പ്രിന്റഡ് സർക്യൂട്ട് ബോർഡ്, എൽഇഡി ലൈറ്റിങ് എന്നിവ നിർമിക്കുന്ന കമ്പനിയാണ് സഹസ്ര ഇലക്ട്രോണിക് സൊല്യൂഷൻസ്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ 80 ശതമാനവും കയറ്റുമതിയായിരുന്നു. 101.15 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം, 32.63 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി പുതിയ പ്ലാന്റ് നിർമാണത്തിനും മെഷിനിറി വാങ്ങാനും ഉപയോ​ഗിക്കും. ഒപ്പം സഹസ്ര സെമികണ്ടക്ടറിലേക്കും തുക നിക്ഷേപിക്കും. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Sahasra electronics IPO GMP rising bring hope of listing gains. HDFC Bank acquires 1 crore share.