കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ കൈവെട്ടിയ കേസില്‍ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം പിടിയില്‍. ഉത്തരാഖണ്ഡ് സ്വദേശി ഫാറൂഖ് അലിയെയാണ് ഗോവയില്‍ നിന്ന് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് ബംഗാള്‍ സ്വദേശിനി സന്ധ്യയെയാണ് ഫാറൂക്ക് ആക്രമിച്ചത്.
2022 ഡിസംബര്‍ മൂന്നിന് കലൂര് ആസാദ് റോഡില്‍വെച്ചാണ് സന്ധ്യയയെ ഫാറൂഖ് അലി ആക്രമിച്ചത്. കൊല്ലത്തെ ബ്യൂട്ടിപാര്‍ലറില്‍ ഒരുമിച്ച് ജോലിചെയ്തിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് പ്രണയത്തില്‍ നിന്ന് പിന്‍മാറിയ സന്ധ്യ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്ക് കയറി. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. കഴുത്തില്‍ വെട്ടാനുള്ള ശ്രമം സന്ധ്യകൈകൊണ്ട് ചെറുത്തു. കൈക്ക് പുറമെ പുറത്തും ആഴത്തില്‍ മുറിവേറ്റ സന്ധ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കൃത്യത്തിന് ശേഷം സ്ഥലംവിട്ട ഫാറൂഖിനായി നാടെങ്ങും പൊലീസ് അരിച്ചുപെറുക്കി. ആദ്യം ഉത്തരാഖണഡിലെത്തിയ ഫാറൂഖ് പിന്നീട് രാജസ്്ഥാനിലേക്കും അവിടെ നിന്ന് ഗോവയിലേക്കും കടന്നു. ഫോണും മൊബൈല്‍ നമ്പറും മാറ്റിയെങ്കിലും വാട്സപ്പ് ഉപയോഗം തുടര്‍ന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് ഫാറൂഖ് ഗോവയിലുണ്ടെന്ന് നോര്‍ത്ത് പൊലീസ് കണ്ടെത്തുന്നത്. അവിടെ ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുകയായിരുന്നു ഫാറൂഖ്.
കൊച്ചിയിലെത്തിച്ച ഫാറൂഖിനെ സംഭവസ്ഥലതെത്തിച്ച് തെളിവെടുത്തു. കൃത്യത്തിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് മൊഴിയെങ്കിലും പൊലീസ് ഇത് വിശ്വസിക്കുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.