swiggy-attack

TOPICS COVERED

കൊച്ചി പാലാരിവട്ടത്ത് സ്വിഗി ഡെലിവറി ബോയിയെ പതിനഞ്ചംഗ ക്വട്ടേഷന്‍ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. പൈപ്പും ഇടിവളയും ഉപയോഗിച്ചുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടകയ്ക്കെടുത്ത ബൈക്കിന്റെ അഡ്വാന്‍സ് മടക്കിചോദിച്ചതും പൊലീസില്‍ പരാതിപ്പെട്ടതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

മൂവാറ്റുപുഴ സ്വദേശി അനൂജാണ് ക്രൂരമര്‍ദനത്തിനിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് പാലാരിവട്ടത്തെ സ്വിഗി ഗോഡൗണിന് മുന്നിലിട്ടായിരുന്നു മര്‍ദനം. ജോലിയുടെ ഭാഗമായി ഓര്‍ഡറെടുക്കാന്‍ എത്തിയ അനൂജിനെ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം വളഞ്ഞിട്ട് മര്‍ദിച്ചു. പൈപ്പും ഇടിവളയും ഉപയോഗിച്ച് മുഖത്തും കഴുത്തിലും ശരീരമാസകലം മര്‍ദനം. ഗോഡൗണിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെ അക്രമിസംഘം വിരട്ടിയോടിച്ചു.  

രണ്ട് വര്‍ഷമായി കൊച്ചിയില്‍ സ്വിഗി വിതരണക്കാരനാണ് അനൂജ്. തന്‍റെ ബൈക്ക് തകരാറിലായതോടെ ഗുരുവായൂര്‍ സ്വദേശി ഗോകുലിന്‍റെ പക്കല്‍ നിന്ന് 2500 രൂപ അഡ്വാന്‍സ് നല്‍കി 170 രൂപ ദിവസവാടകയ്ക്ക് മറ്റൊരു ബൈക്ക് വാടകയ്ക്കെടുത്തു. നാല് ദിവസം ഉപയോഗിച്ച് ബൈക്ക് തിരിച്ച് നല്‍കിയെങ്കിലും അഡ്വാന്‍സ് മടക്കി നല്‍കാന്‍ ഗോകുല്‍ തയാറായില്ല. പണം തിരികെ ചോദിച്ചതോടെ വധഭീഷണിമുഴക്കിയതോടെ അനൂജ് പൊലീസില്‍ പരാതി നല്‍കി. ഇതാണ് പ്രകോപനം. ഗോകുലിനെയും കണ്ടാലറിയാവുന്ന പതിനഞ്ച് പേരെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു. ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ് അക്രമികളെന്നാണ് പൊലീസ് നല്‍കുന്ന സൂചന.