beach-hospital

TOPICS COVERED

കോഴിക്കോട് ബീച്ച് ആശുപത്രി പരിസരത്ത് പട്ടാപകല്‍ ലഹരിസംഘങ്ങളുടെ വിളയാട്ടം. യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. വിവരം അറിഞ്ഞെത്തിയ എക്സൈസ് ഉദ്യോഗസ്ഥരാകട്ടെ  ഒരു നടപടിയുമെടുക്കാതെ മടങ്ങി.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ദിവസവും നൂറുകണക്കിന് രോഗികള്‍ വന്നുപോകുന്ന നഗരമധ്യത്തിലുള്ള  ബീച്ച് ആശുപത്രി. ആശുപത്രി പരിസരത്തുള്ള ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കുന്ന ഈ  ഒഎസ് ടി ക്ലിനിക്ക്. അതിന്റ ചുറ്റുവട്ടത്തെ കാഴ്ചയാണിത്. ഞങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ  എക്സൈസ് ഉദ്യോഗസ്ഥ‍ര്‍ മഫ്തിയിലെത്തി. ലഹരി ഉപയോഗിക്കുകയാണന്ന് വ്യക്തമായിട്ടുപോലും  യുവാക്കളെ കസ്റ്റഡിയിലെടുക്കാതെ അവര്‍ മടങ്ങി. 

ആശുപത്രിക്ക് ചുറ്റുമുള്ള ആളൊഴിഞ്ഞ ഭാഗങ്ങളിലെല്ലാം രാവും പകലും ഇതുതന്നെയാണ് കാഴ്ച. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരേ പോലെ ഭീഷണിയാണ് ലഹരിസംഘങ്ങളുടെ ഈ വിളയാട്ടം. ഒഎസ്ടി ക്ലിനിക്കിലേക്കെന്ന് പറഞ്ഞാണ് പലരും ഇവിടേക്ക് എത്തുന്നത്. പരിസരത്ത് ഒരിടത്ത് പോലും സിസിടിവി ക്യാമറകള്‍ ഇല്ലാത്തതും വെല്ലുവിളിയാണ്.  

ലഹരിചികില്‍സ കേന്ദ്രം ഇവിടെ നിന്ന് മാറ്റിയാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്ന് ജീവനക്കാര്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ജില്ലാ കലക്ടറെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. ‌