കൊച്ചി സ്വദേശി സുഭദ്രയെ (73) കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കാനായി മൃതദേഹത്തിൽ 20 കിലോഗ്രാം പഞ്ചസാര വിതറിയാണു കുഴിച്ചിട്ടതെന്നു പൊലീസ് കണ്ടെത്തി. ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കുമെന്ന ആശയം ഒരു സിനിമയിൽ നിന്നാണു പ്രതി മാത്യൂസിനു ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. പഞ്ചസാര വാങ്ങിയ മാത്യൂസിനെ കലവൂരിലെ കട ഉടമ തിരിച്ചറിഞ്ഞു. കുഴിയിൽ മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. യൂ ട്യൂബിൽ കണ്ട ഒരു മലയാള സിനിമയിൽ‍ ഇങ്ങനെ ചെയ്യുന്നതു കണ്ടെന്നു മാത്യൂസ് പൊലീസിനോടു പറഞ്ഞു. കുഴിക്ക് ആഴം  കൂടുതലായതിനാലും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാലും ഉറുമ്പരിച്ചില്ല.

സുഭദ്ര ധരിച്ചിരുന്ന മാല പ്രതികൾ താമസിച്ചിരുന്ന കോർത്തുശേരിയിലെ വാടകവീടിനു പിന്നിലെ തോട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തു. സ്വർണമാണെന്നു കരുതിയാണു മാല എടുത്തതെങ്കിലും മുക്കുപണ്ടമാണെന്നു മനസ്സിലാക്കി തോട്ടിലേക്ക് എറിഞ്ഞതായി മാത്യൂസ് മൊഴി നൽകിയിരുന്നു. 19നു പ്രതികളെ കൂട്ടി പൊലീസ് ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഇന്നലെ വീണ്ടും മാത്യൂസിനെ ഇവിടെയെത്തിച്ച ശേഷം തൊഴിലാളികളുടെ സഹായത്തോടെ തോട്ടിലെ മാലിന്യങ്ങൾ നീക്കിയപ്പോഴാണു മാല കണ്ടെത്തിയത്.

കൊച്ചിയിൽനിന്നു കാണാതായ സുഭദ്രയുടെ മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിലാണ് കണ്ടെത്തിയത്. 

കേസിൽ 3 പ്രതികളാണുള്ളത്.  കർണാടക മണിപ്പാലിൽ നിന്നു പിടിയിലായ മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള (52), ഭർത്താവ് കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ– 35) എന്നിവർക്കു പുറമേ, മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്നോൾഡും (61) അറസ്റ്റിലായി. ശർമിളയാണ് ഒന്നാം പ്രതി. മാത്യൂസ് രണ്ടും റെയ്നോൾഡ് മൂന്നും പ്രതികൾ.

സുഭദ്രയെ ശർമിളയും മാത്യൂസും ചേർന്നു ക്രൂരമായാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കട്ടിലിൽനിന്നു ചവിട്ടിവീഴ്ത്തി, കഴുത്തിൽ ഷാൾ മുറുക്കിയപ്പോൾ പിടഞ്ഞ സുഭദ്രയുടെ പുറത്തു പ്രതികൾ ചവിട്ടിപ്പിടിക്കുകയും ചെയ്തു.