അമ്പലപ്പുഴ കരൂരിൽ സുഹൃത്തായ സ്ത്രീയെ കൊന്നു കുഴിച്ചു മൂടിയകേസിൽ പ്രതി ജയചന്ദ്രനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയത് ആസൂത്രിതമായാണ് എന്ന സംശയമാണ് പൊലീസിന് . കരുനാഗപ്പള്ളി പൊലിസ് റജിസ്റ്റർ ചെയ്ത കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.
കൊല്ലം കുലശേഖരം സ്വദേശി വിജയലക്ഷ്മിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കൊലപാതകം നടന്നതും മൃതദേഹം കുഴിച്ചിട്ടതും അമ്പലപ്പുഴ കരൂരിൽ ആയതിനാൽ കേസ് അമ്പലപ്പുഴ പൊലിസിന് കൈമാറി. പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്ത അമ്പലപ്പുഴ പോലീസ് പ്രതി ജയചന്ദ്രനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി. കൃത്യം നടന്ന കരൂരിലെ വീട്ടിലും പരിസരത്തും ജയചന്ദ്രനെ എത്തിച്ച് തെളിവെടുത്തു. കരൂരിലെ ജയചന്ദ്രന്റെ വീട്ടിലെത്തുമ്പോൾ വിജയലക്ഷ്മി കൈയിൽ കരുതിയിരുന്ന ബാഗ്, കിറ്റ്, വസ്ത്രങ്ങൾ, കൊല നടത്തിയ ശേഷം മൃതദ്ദേഹം വലിച്ചിഴച്ച് സമീപത്തെ പുരയിടത്തിൽ എത്തിക്കാനായി ഉപയോഗിച്ച കയർ എന്നിവ തെളിവെടുപ്പിൽ കണ്ടെത്തി.
വിജയലക്ഷ്മിക്ക് മറ്റൊരാളുടെ ഫോൺ വന്നപ്പോൾ ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായെന്നാണ് ജയചന്ദ്രന്റഎ മൊഴി. ജയലക്ഷ്മിയുടെ മറ്റു ബന്ധങ്ങളെക്കുറിച്ചറിഞ്ഞ ജയചന്ദ്രൻ വിജയലക്ഷ്മിയെ കരുതിക്കൂട്ടി വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപെടുത്തിയതാണോ എന്ന സംശയം പോലീസിനുണ്ട്. വിജയലക്ഷ്മിയെ ഈ മാസം ആറാം തീയതി മുതലാണ് കാണാതായത്. കെഎസ്ആര്‍ടിസി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൊബൈല്‍ ഫോണാണ് കേസിൽ വഴിത്തിരിവായത്. വിവാഹിതയായ വിജലക്ഷ്മി ജയചന്ദ്രനുമായി വർഷങ്ങളായി അടുപ്പത്തിലാണ്. മറ്റാരും ഇല്ലാതിരുന്ന സമയത്ത് വിജലക്ഷ്മി ജയചന്ദ്രന്റെ വീട്ടിലെത്തിയപ്പോഴാണ് കൊല നടന്നത്. വിജയലക്ഷ്മിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം സമീപത്തെ പറമ്പിൽ കുഴിച്ചിടുകയായിരുന്നു.