ബെംഗളൂരുവിൽ അസം സ്വദേശിയായ വ്ലോഗറെ കുത്തിക്കൊന്ന കേസിൽ മലയാളി പ്രതി പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ യുവതിയുടെ കാമുകനായ കണ്ണൂർ സ്വദേശി ആരവിനെ ഉത്തരേന്ത്യയിൽ നിന്നാണ് പിടികൂടിയത് . ബെംഗളൂരുവിലെത്തിച്ച ആരവിനെ അജ്ഞാത കേന്ദ്രത്തിൽ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്
മൂന്നുദിവസമായി പോലീസിനെ വെട്ടിച്ചു കഴിഞ്ഞിരുന്ന ആരവിനെ ഉത്തരേന്ത്യയിൽ നിന്നാണ് കർണാടക പോലീസ് പിടികൂടിയത്. കൊലപാതകം നടന്ന അപ്പാർട്ട്മെന്റിൽ നിന്ന് ഓൺലൈൻ ടാക്സിയിൽ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലേക്ക് ആരവ് സഞ്ചരിച്ചതായി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ സ്റ്റേഷനിൽ എത്തിയ സമയത്ത് പുറപ്പെട്ട ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഫലം കണ്ടത്.കൊലയ്ക്ക് ശേഷം പൊലീസ് പിന്തുടരുമെന്ന് ഉറപ്പിച്ച ആരവ് മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നു.പ്രത്യേക അന്വേഷണ സംഘം കണ്ണൂർ തോട്ടടയിലെ ആരവിനെ വീട്ടിൽ റെയ്ഡ് നടത്തി ബന്ധുക്കളെ ചോദ്യം ചെയ്തെങ്കിലും സൂചനകൾ ലഭിച്ചിരുന്നില്ല. തുടർന്നാണ് മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലേക്ക് നീങ്ങിയത്.
ചൊവ്വാഴ്ച്ചയാണ് അസം സ്വദേശി മായ ഗൊഗോയിയെന്ന 19 കാരിയെ ഇന്ദിരാ നഗറിലെ അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം കുത്തേറ്റ് ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. 23ന് ആൺ സുഹൃത്തായ ആരവിനൊപ്പം മായ അപാർട്ട്മെന്റിലെത്തിയ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് കൊലയാളിയെ കുറിച്ചുള്ള പ്രാഥമിക സൂചന കിട്ടിയത്. പ്രണയബന്ധത്തിലെ തർക്കമാണ് ആസൂത്രിത കൊലയിൽ എത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.