നവംബര്‍ 17, എറണാകുളം കളമശ്ശേരിയില്‍ അപ്പാർട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജെയ്സി എബ്രഹാം എന്ന സ്ത്രീയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോരയില്‍ കുളിച്ച് വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ തന്നെ പൊലീസിന് അസ്വാഭാവികത തോന്നി. പോസ്റ്റ്‍മോർട്ടം നടത്തിയ ഡോക്ടർമാർ നല്‍കിയ ചില സൂചനകള്‍ സംശയമുളവാക്കി. ഒടുവില്‍ പൊലീസ് ആ നിഗമനത്തിലെത്തി. റിയൽ എസ്റ്റേറ്റുകാരികാരിയായ ജെയ്സിയുടേതു സാധാരണ മരണമല്ല, ഇറ്റ്സ് എ വെല്‍ പ്ലാന്‍ഡ് മര്‍ഡര്‍.
കാനഡയിൽ ജോലിയുള്ള ഏക മകൾ അമ്മയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് 55 കാരിയായ ജെയ്സിയുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. രണ്ട് പവന്റെ ആഭരണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. ജെയ്സി താമസിച്ചിരുന്ന കെട്ടിടത്തിൽ സിസിടിവി ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോള്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. അപ്പാര്‍ട്ട്മെന്റിന്റെ അകത്തേക്ക് പോകുന്ന ഒരാൾ മറ്റൊരു ഷർട്ട് ധരിച്ച് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം വഴിത്തിരിവായി. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ മനസ്സിലായില്ല. തുടരന്വേഷണത്തിൽ ജെയ്സിയുടെ സുഹൃത്ത് കാക്കനാട് സ്വദേശി ഗിരീഷ് കുമാറായിരുന്നു അതെന്നു വ്യക്തമാക്കി. ഒട്ടും താമസിയാതെ ഇയാള്‍ പിടിയിലായി. ഒപ്പം ഗിരീഷിന്റെ സുഹൃത്തായ ഖദീജ എന്ന സ്ത്രീയും കസ്റ്റഡിയിലായി.
എന്തിനായിരുന്നു ഈ അരുംകൊല?. അതായിരുന്നു പൊലീസിനും നാട്ടുകാര്‍ക്കും അറിയേണ്ടിയിരുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സിയുടെ സ്വർണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകമെന്നു പ്രതികള്‍ മൊഴി നല്‍കി.
ജെയ്സിയെ കൊന്ന രീതി ഗിരീഷ് വിവരിച്ചപ്പോള്‍ കേട്ടവര്‍ ഞെട്ടി. ഓൺലൈൻ ഡേറ്റിങ് ആപ് വഴിയാണ് ജെയ്സിയെ ഇയാള്‍ പരിചയപ്പെടുന്നത്. ഫ്ലാറ്റിൽ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ചാണു ഖദീജയെ പരിചയപ്പെടുന്നത്. ആവശ്യക്കാർക്ക് ഇത്തരത്തിൽ സ്ത്രീകളെ എത്തിച്ചു നൽകുന്ന ഏജന്റ് ആയിരുന്നു ജെയ്സി. ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി. എംസിഎ ബിരുദധാരിയും ഐടി കമ്പനിയിലെ ജീവനക്കാരനുമായ തൃക്കാക്കര സ്വദേശി ഗിരീഷ് ബാബുവിനു 85 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ലോൺ ആപിന്റേയും ക്രെഡിറ്റ് കാർഡുകളുടേയും വഴിവിട്ട ഉപയോഗമായിരുന്നു വന്‍ബാധ്യതയിലേക്ക് ഇയാളെ നയിച്ചത്. ഇതെല്ലാം എങ്ങനെ വീട്ടും എന്ന ചിന്ത കൊണ്ടു ചെന്നെത്തിച്ചത് സുഹൃത്തായ ജെയ്സിയിലേക്കാണ്. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ച ധാരാളം പണവും സ്വർണാഭരണങ്ങളും അപാർട്ട്മെന്റിൽ ഉണ്ടാകുമെന്നായിരുന്നു പ്രതികളുടെ ധാരണ. ജെയ്സിയെ കൊലപ്പെടുത്തി പണവും സ്വർണവും കവരാമെന്ന് തീരുമാനിച്ച ഇരുവരും 2 മാസം മുൻപു ഗൂഢാലോചന തുടങ്ങിയെന്ന് പൊലീസ് പറയുന്നു. ഖദീജയുടെ വീട്ടില്‍ വച്ചായിരുന്നു പ്ലാനിങ്. ആരുടേയും കണ്ണിൽപ്പെടാതെ എങ്ങനെ ജെയ്സിയുടെ ഫ്ലാറ്റിലെത്താമെന്ന് 2 വട്ടം ഗീരീഷ് കുമാർ ട്രയൽ നടത്തി.
അങ്ങനെ നവംബര്‍ 17 ഞായറാഴ്ച ദിവസം തിരഞ്ഞെടുത്തു. രാവിലെ സഹോദരന്റെ ബൈക്കിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള വീട്ടിൽനിന്നു ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‍ലെയിന്‍ റോഡിൽ എത്തി. അവിടെനിന്നു രണ്ട് ഓട്ടോറിക്ഷകൾ മാറിക്കയറി ജെയ്സിയുടെ ഫ്ലാറ്റിലെത്തി. സിസിടിവിയിൽ മുഖം പതിയാതിരിക്കാന്‍ ഹെൽമറ്റ് ധരിച്ചായിരുന്നു സഞ്ചാരം. രാവിലെ പത്തരയോടെ അപ്പാർട്ട്മെന്റിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മദ്യം ജെയ്സിയുമൊത്ത് കഴിച്ചു. മദ്യലഹരിയിലായ ജെയ്സിയെ പ്രതി ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് തലയ്ക്ക് പലവട്ടം ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ പല്ല് അടര്‍ന്നു. തലയോട്ടി തകര്‍ന്നു. നിലവിളിച്ചപ്പോൾ മുഖം തലയിണ വച്ച് അമർത്തിപ്പിടിച്ചു. തുടർന്ന് കുളിമുറിയിൽ തെന്നി വീണതാണ് എന്നു വരുത്താനായി ജെയ്സിയെ വലിച്ച് ശുചിമുറിയിലെത്തിച്ചു.
ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ ഗിരീഷ് കുമാർ, ധരിച്ചിരുന്ന ഷർട്ട് മാറി ബാഗില്‍ കരുതിയിരുന്ന മറ്റൊരു ഷർട്ട് ധരിച്ചു. ജെയ്സിയുടെ രണ്ടു സ്വർണ വളകളും രണ്ടു മൊബൈല്‍ ഫോണുകളും കവർന്ന് ഫ്ലാറ്റിന്റെ വാതിൽ പൂട്ടി പുറത്തിറങ്ങി രക്ഷപ്പെട്ടു.
അപ്പാര്‍ട്മെന്റിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സംവിധാനങ്ങളില്ല. സുരക്ഷാ ജീവനക്കാരും സിസിടിവിയും ഇല്ല. ഇതെല്ലാം തിരിച്ചടിയായെങ്കിലും അതിനെയെല്ലാം മറകടന്നാണ് അന്വേഷണസംഘം പ്രതികളെ പൂട്ടിയത്.