ഒറ്റപ്പാലം ത്രാങ്ങാലിയിൽ വീട് കുത്തിത്തുറന്ന് ഒരുലക്ഷം രൂപയും വിലകൂടിയ വാച്ചും കവര്‍ന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന അറുപത്തി മൂന്ന് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്ന് വീട്ടുടമ ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കള്ളന്റെ ശ്രദ്ധയെത്താത്ത രഹസ്യ അറയില്‍ സ്വര്‍ണം ഭദ്രമെന്ന് പിന്നീട് വ്യക്തമായി. ത്രാങ്ങാലി മൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിലെ കവര്‍ച്ചയില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.
വീടിന്റെ മുകള്‍നിലയിലെ വാതില്‍ കുത്തിത്തുറന്ന് കള്ളന്‍ അകത്ത് കയറി മുറിയില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പണവും കൈക്കലാക്കിയെന്നാണ് ബാലകൃഷ്ണന്‍ ആദ്യം പൊലീസിന് നല്‍കിയ പരാതി. സ്വർണം സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറന്ന നിലയിൽ കണ്ടതാണു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. തുറന്നു കിടന്നിരുന്ന അലമാരയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ചെന്നൈയിലെ മകന്റെ വീട്ടിലുള്ള ഭാര്യയുമായി ബാലകൃഷ്ണനും പൊലീസും സംസാരിച്ചപ്പോഴാണു സ്വർണം സൂക്ഷിച്ച രഹസ്യ അറയെക്കുറിച്ച് വിവരം ലഭിച്ചത്. പരിശോധിച്ചപ്പോൾ സ്വർണം ഭദ്രം. ബാലകൃഷ്ണന്റെ ഭാര്യയുടെയും മകളുടെയും സ്വർണ്ണാഭരണങ്ങളാണിത്. എന്നാൽ പണവും വാച്ചും കള്ളനു കിട്ടി.
വ്യാഴാഴ്ച രാത്രി ഏഴിനും വെള്ളിയാഴ്ച രാവിലെ ആറിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് നിഗമനം. ഏണി വച്ച് വീടിന്റെ മുകൾ നിലയിൽ കയറി തുടര്‍ന്ന് വാതിലുകൾ തകർത്താണ് കവർച്ച. കിടപ്പുമുറിയിൽ രണ്ട് അലമാരകളിലായിട്ടായിരുന്നു സ്വർണവും പണവും വാച്ചും. ബാലകൃഷ്ണൻ വീട് പൂട്ടി മകളുടെ വീട്ടിൽ പോയതായിരുന്നു. ഇന്ന് രാവിലെയാണ് മോഷണവിവരം അറിയുന്നത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദ്ഗദരുമെത്തി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.