കൊച്ചിയിൽ 5 കിലോ എം.ഡി.എം.എ പിടികൂടിയ കേസിൽ പ്രതികൾക്ക് 11 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫൈസൽ, അബ്ദുൾ സലാം എന്നിവർക്കാണ് ശിക്ഷ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരി കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
2018 ഫെബ്രുവരിയിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് നിന്ന് അഞ്ച് കിലോ MDMA പിടികൂടിയ കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കേസിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫൈസൽ, അബ്ദുൾ സലാം എന്നിവർ കുറ്റക്കാരാണെന്ന് എറണാകുളം അഡീ.സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുപ്രതികൾക്കും 11 വർഷം കഠിന തടവും, ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി പ്രതികൾ തടവ് ശിക്ഷ അനുഭവിക്കണം.
സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സിന്തറ്റിക്ക് ലഹരി വേട്ടയായിരുന്നു ഇത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് ലഹരിമരുന്ന് സാഹസികമായി എക്സൈസ് പിടികൂടിയത്. ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു ലഹരി ഒളിപ്പിച്ചിരുന്നത്. വിദേശത്തേക്ക് കടത്താനായിരുന്നു പദ്ധതി. വിമാനത്താവളത്തിലെ സ്കാനറിൽ പിടിക്കപ്പെടാതിരിക്കാൻ കാർബൺ പേപ്പറിൽ പൊതിഞ്ഞായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.