കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യം കാരണമെന്ന് പ്രതിയുടെ മൊഴി. പ്രതി തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫിനെതിരെ നൽകിയ പീഡന പരാതി പിൻവലിക്കാൻ സഫീല തയ്യാറാകാഞ്ഞതാണ് വൈരാഗ്യത്തിന് കാരണം. ചെന്നൈയിൽ നിന്ന് അറസ്റ്റ്ചെയ്ത സനൂഫിനെ അൽപസമയത്തിനകം കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കും.
ചൊവ്വാഴ്ചയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് കടന്ന അബ്ദുൾ സനൂഫിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കോഴിക്കോട് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കാരണം വ്യക്തമായത്. നേരത്തെ ഫസീല നൽകിയ പീഡന പരാതിയിൽ സനൂഫ് 83 ദിവസം ജയിലിൽ കഴിയുകയും ചെയ്തു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ എന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു.
സനൂഫ് ഉപയോഗിച്ചിരുന്ന സിം കാർഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. തുടരന്വേഷണത്താനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും