ബെംഗളുരൂവില്‍ നിന്നും രേഖകളില്ലാതെ കാറിൽ കൊണ്ടുവരുകയായിരുന്ന ഒരു കോടി രൂപ വാളയാർ ടോൾ പ്ലാസയിൽ പൊലീസ് പിടികൂടി. കിഴക്കഞ്ചേരി സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ പ്രസാദ് സി.നായർ, ഡ്രൈവർ പ്രശാന്ത് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിൽ പഴം കൊണ്ടുവരുന്ന പെട്ടിയിലായിരുന്നു പണം. കച്ചവട ആവശ്യത്തിനായി കൊണ്ടുവന്ന പണമെന്നായിരുന്നു വാഹനത്തിലുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. രേഖകളൊന്നും ഇവർക്ക് ഹാജരാക്കാനായില്ലെന്നും പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് അറിയിച്ചു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിന്‍റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ വടക്കഞ്ചേരി പൊലീസും പരിശോധന നടത്തിയിരുന്നു.