കണ്ണൂര്‍ തോട്ടട ഐടിഐ സംഘര്‍ഷത്തില്‍ ഒടുവില്‍ അറസ്റ്റ്. എസ്എഫ്ഐ പ്രവര്‍ത്തകനായ അമല്‍ ബാബുവിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
അറസ്റ്റിലായ പാനൂര്‍ സ്വദേശി അമല്‍ ബാബു തോട്ടട പോളി ടെക്നിക്കിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയാണ്. പൊലീസ് എടുത്ത ആദ്യ കേസിലെ പതിനൊന്നാം പ്രതിയാണ് അമല്‍. സംഘര്‍ഷമുണ്ടാക്കുകയും പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടത്. ഈ കേസില്‍ അമലിനെ കൂടാതെ പതിനൊന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും അഞ്ച് കെഎസ്‍യു പ്രവര്‍ത്തകരും പ്രതികളാണ്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ട മറ്റു രണ്ടു കേസുകളിലെ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം, കണ്ണൂര്‍ എസിപി രത്നകുമാറിന്‍റെ നേതൃത്വത്തില്‍ വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം ചേരും. എസ്എഫ്ഐ, കെഎസ്‍യു, എബിവിപി എന്നീ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയും, സിപിഎം, കോണ്‍ഗ്രസ്, ബിജെപി ജില്ലാ നേതാക്കളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ഐടിഐ പ്രിന്‍സിപ്പലും പങ്കെടുക്കും. ക്യാമ്പസ് തുറക്കുന്നതിലും യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിലും യോഗത്തില്‍ തീരുമാനം ഉണ്ടാകും.