സിനിമാനടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചതിന് കഴിഞ്ഞദിവസം കൊല്ലം കൊട്ടാരക്കരയില്‍ പിടിയിലായ യുവാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു. റിമാന്‍ഡിലായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പ്രബിനെ പൊലീസ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. പത്താം ക്ലാസ് വരെ മാത്രം പഠിച്ച പ്രബിന്‍ സ്ഥിരം മോഷ്ടാവാണ്.
നെടുമങ്ങാട് തെന്നൂർ സ്വദേശി പ്രബിൻ പിടിയിലായതറിഞ്ഞ് പത്തിലധികം സ്റ്റേഷനുകളില്‍ നിന്നാണ് ഇതിനോടകം കൊട്ടാരക്കര പൊലീസിനെ വിളിച്ച് വിവരം തേടിയത്. സംസ്ഥാനത്തുടനീളം വര്‍ഷങ്ങളായി വാഹനങ്ങള്‍ മോഷ്ടിച്ചും സ്ഥാപനങ്ങള്‍ കൊളളയടിച്ചും വിലസുകയായിരുന്നു ഇരുപത്തിയൊന്‍പതുകാരനായ പ്രബിന്‍. ഇഞ്ചക്കാട്ടെ കാർ വില്‍പ്പനകേന്ദ്രത്തില്‍ നിന്ന് സിനിമാനടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ച കേസിലാണ് പ്രബിന്‍ പിടിയിലായത്.
കഴിഞ്ഞ ഏഴിന് രാത്രി മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്തേക്കു പോയ പ്രബിന്‍ കടയ്ക്കലിൽ വച്ച് മറ്റൊരു കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറിൽ സ്ഥാപിച്ച് യാത്ര ചെയ്തു. തുടര്‍ന്ന് വെള്ളറടയിലെ റബർ കട കുത്തിത്തുറന്ന് 500 കിലോ റബർ ഷീറ്റും ഏഴായിരം രൂപയും മോഷ്ടിച്ചു. പിന്നീട് പത്തനംതിട്ട പെരിനാട് ഭാഗത്തുളള റബർ കട കുത്തിത്തുറന്ന് 400 കിലോ റബർ ഷീറ്റ് മോഷ്ടിച്ചു. മോഷ്ടിച്ച റബര്‍ഷീറ്റ് പൊൻകുന്നത്ത് വിറ്റ ശേഷം പെൺസുഹൃത്തിനെ കാണാന്‍ കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. കാര്‍ പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിമുട്ടിയതോടെ കാര്‍ വഴിയില്‍ ഉപേക്ഷിച്ച് ബസില്‍ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്ന് ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകും വഴിയാണ് പൊലീസ് കൊട്ടാരക്കര വച്ച് പിടികൂടിയത്.
കഴിഞ്ഞവര്‍ഷം കല്ലമ്പലത്ത് നിന്ന് കാർ മോഷ്‌ടിച്ച കേസിൽ ജൂലൈയില്‍ ജയില്‍ മോചിതനായ പ്രബിന്‍ ഓഗസ്‌റ്റിൽ നെടുമങ്ങാട് നിന്ന് കാർ മോഷ്‌ടിച്ച് ഒട്ടേറെ മോഷണം നടത്തി. പാലക്കാട് കുഴൽമന്ദത്തെ ധനകാര്യ സ്ഥാപനത്തിലും, തേങ്കുറുശിയിലെ പെയ്ന്റ് കടയിലും മോഷണം നടത്തിയ പ്രബിന്‍ ആലത്തൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.