മലപ്പുറം പൊന്നാനിയിലെ വീട് കുത്തിത്തുറന്ന് മൂന്നര കിലോ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിലായ സുഹൈൽ എന്ന് പൊലീസ്. കേസ് അന്വേഷണം ഒന്നാം ഘട്ടത്തിൽ ആണെന്നും കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമുണ്ടന്നും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
ഐശ്വര്യ തിയേറ്ററിനോട് ചേർന്ന പ്രവാസി വ്യവസായി രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കുടുംബാംഗങ്ങൾ എല്ലാവരും ഗൾഫിലായിരുന്ന സമയത്താണ് മോഷണം. കൃത്യമായ ആസൂത്രണത്തോടെ എത്തി ലോക്കർ തകർത്താണ് മൂന്നര കിലോയിലേറെ സ്വർണം കൈക്കലാക്കിയത്. അറസ്റ്റിലായ നാസറിനും ഗൂഢാലോചനയിൽ പങ്കുണ്ട്. രാജീവിന്റെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് മുഖ്യപ്രതി സുഹൈലിന്റെ ഭാര്യവീട്. കവർച്ച നടത്തിയ സ്വർണം വിൽപ്പന നടത്താൻ സഹായിച്ച മനോജ് വഴിയാണ് മൂന്നു പ്രതികളിലേക്കും അന്വേഷണസംഘം എത്തിയത്.
പ്രതികളിൽ നിന്ന് 1100 ഗ്രാം സ്വർണവും ഏഴര ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. സിസിടിവി ഡി വി ആർ മോഷ്ടിക്കുന്നതും സുഹൈലിൻ്റെ പതിവു രീതിയാണ്. സുഹൈൽ 50 ൽ ഏറെ മോഷണക്കേസുകളിൽ പ്രതിയാണ്. സിനിമാ തിയേറ്ററിൽ ആട് ജീവിതം റിലീസ് ചെയ്തതിന് പിന്നാലെയുള്ള ദിവസങ്ങളിലാണ് കവർച്ച നടന്നത്. തീയേറ്ററിലും പരിസരത്തും നിറയെ ആളുകളുണ്ടായിരുന്നതും മോഷണം എളുപ്പമാക്കി. ഇത് മൊബൈൽ ടവർ വഴി പ്രതികളിലേക്ക് എത്താനുളള സാധ്യതയും പ്രയാസത്തിലാക്കി.