തൃശൂരിലെ റിസോട്ട് കേന്ദ്രീകരിച്ച് പുതുവത്സര ആഘോഷം ലക്ഷ്യമാക്കി ബെംഗലൂരുവിൽ നിന്നു കേരളത്തിലേക്ക് കടത്തുകയായിരുന്ന ഇരുന്നൂറ് ഗ്രാം ഗോൾഡൻ മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചെലവൂർ സ്വദേശി അലോകിനെയാണ് വാളയാറിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് പിടികൂടിയത്.

കോയമ്പത്തൂർ ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോയ സ്വകാര്യബസിലായിരുന്നു അലോകുണ്ടായിരുന്നത്. ക്രിസ്മസ്, പുതുവൽസര ലഹരി വരവിന് തടയിടാൻ എക്സൈസിന്‍റെ വാളയാർ ടോൾ പ്ലാസയിലെ പതിവ് വാഹന പരിശോധന. ബസിലുണ്ടായിരുന്നവരെ മുഴുവൻ പരിശോധിച്ചപ്പോഴാണ് യുവാവ് പിടിയിലായത്. കാര്യങ്ങൾ തിരക്കുന്നതിനിടെ മൊഴിയിലുണ്ടായ വൈരുദ്ധ്യവും സംശയം കൂട്ടി.

പിടികൂടിയ ലഹരിക്ക് വിപണിയിൽ 10 ലക്ഷം രൂപയാണ് മൂല്യം പ്രതീക്ഷിക്കുന്നത്. ലഹരിയുടെ വരവും കൈമാറാൻ ഉദ്ദേശിച്ചിരുന്നവരുടെ പട്ടികയും ലഭിച്ചിട്ടുണ്ടെന്നും വിശദമായ പരിശോധനയുണ്ടാവുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. യുവാവ് നേരത്തെയും സമാന രീതിയിൽ ലഹരികടത്തിയിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിൽ വരും.

ENGLISH SUMMARY:

A youth smuggling 200 grams of golden methamphetamine from Bengaluru to Kerala, allegedly for New Year celebrations at a Thrissur resort, has been arrested.