തൃശൂരിൽ ആറുകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്. തൃശൂർ കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശി ലിബിൻ എറണാകുളം പള്ളുരുത്തി സ്വദേശി സ്റ്റെമിൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് ആയിരുന്നു പരിശോധന.
ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളും മണ്ണുത്തി പൊലീസും ചേർന്ന് തോട്ടപ്പടിയിൽ പരിശോധന നടത്തി. ഈ പരിശോധനയിൽ ബാഗുകളിൽ പ്രത്യേകം പാക്ക് ചെയ്ത മൂന്ന് പൊതികളിലായി 6 കിലോ കഞ്ചാവ് കണ്ടെത്തി.
ബംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് വിൽപ്പനയ്ക്കായാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ബാംഗ്ലൂരിൽ നിന്ന് ബസ് മാർഗ്ഗമാണ് ഇവർ വന്നത്. വയനാട് ബത്തേരിയിൽ കഞ്ചാവ് കടത്തിനിടെ നേരത്തെ ലിബിൻ പിടിയിലായിട്ടുണ്ട്.