ഇടുക്കി മറയൂരിലെ ചന്ദനക്കടത്ത് കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിനെതിരെ പരാതിയുമായി വനംവകുപ്പ്. ദേവികുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഇടപെടൽ കേസ് അന്വേഷണത്തെ ബാധിച്ചെന്നുകാട്ടി മറയൂർ ഡിഎഫ്ഒ ഹൈറേഞ്ച് സിസിഎഫിന് റിപ്പോർട്ട് നൽകി. കേസ് അന്വേഷണം സുതാര്യമാകാൻ കോടതി മാറ്റണമെന്നും മറയൂർ ഡിഎഫ്ഒ. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മറയൂർ നാച്ചിവയൽ ചന്ദന റിസർവിൽ നിന്നും കഴിഞ്ഞമാസം നാല് ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. കേസിൽ അന്തർ സംസ്ഥാന ചന്ദനക്കടത്ത് മാഫിയയുമായി ബന്ധമുള്ള 14 പേരെയാണ് വനം വകുപ്പ് പിടികൂടിയത്. ഇതിൽ നാലുപേർക്ക് ദേവികുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. ഇതിനെതിരെയാണ് മറയൂർ ഡിഎഫ്ഒ സിസിഎഫിന് റിപ്പോർട്ട് നൽകിയത്. കോടതിയിൽ കീഴടങ്ങിയ മറയൂർ സ്വദേശി അരുണിന് സർക്കാർ അഭിഭാഷകനെ കേൾക്കാതെ ജാമ്യം അനുവദിച്ചെന്നും ഇയാൾ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച 25 കിലോ ചന്ദനം പിന്നീട് മറ്റൊരിടത്തേക്ക് കടത്തിയെന്നുമാണ് റിപ്പോർട്ട്. ജാമ്യം ലഭിച്ച മറ്റു മൂന്നു പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് പരാതി നൽകിയിരുന്നു. തുറന്ന കോടതിയിൽ വിഷയം ഉന്നയിക്കാതിരുന്ന പ്രതികളെ പ്രതിഭാഗം അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ ചേമ്പറിൽ എത്തിച്ച് പരാതി നൽകിയെന്നാണ് ഡി എഫ് ഒ യുടെ ആരോപണം.
പ്രതികളെ വൈദ്യ പരിശോധനയ്ക്ക് പ്രതിഭാഗം അഭിഭാഷകന്റെ കാറിൽ കൊണ്ടുപോകാൻ മജിസ്ട്രേറ്റ് അനുമതി നൽകിയതും നിയമവിരുദ്ധമാണെന്നാണ് റിപ്പോർട്ട്. അന്തർ സംസ്ഥാന ചന്ദന മാഫിയയുമായി ബന്ധമുള്ള അരുണിനെ നാലുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും നാലുമണിക്കൂർ മാത്രമാണ് അനുവദിച്ചത്. ഇയാളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനെയും, മറയൂർ ഡി എഫ് ഒ യെയും വിലക്കുകയും ചെയ്തു. ഇത് പ്രതിക്ക് സഹായകരമായെന്നാണ് വനംവകുപ്പിന്റെ വാദം. വിഷയത്തിൽ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി റജിസ്ട്രാർക്കും വനം വകുപ്പ് പരാതി നൽകും