ഡ്രൈ ഡേയിൽ മദ്യം വിറ്റതിന് ഇടുക്കിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ പിടിയിൽ. ഓടക്കസിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ കുര്യാക്കോസും രാജകുമാരി ബി ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി വിജയനുമാണ് പിടിയിലായത്
മദ്യവർജനമാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് സിപിഎം പറയുമ്പോഴാണ് ഡ്രൈ ഡേയിൽ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ എക്സൈസ് പിടിയിലായത്. ഓടയ്ക്ക സിറ്റി ബ്രാഞ്ച് സെക്രട്ടറിയായ പ്രവീൺ കുര്യക്കോസ് ഒൻപത് ലിറ്റർ മദ്യം ഓട്ടോറിക്ഷയിൽ വെച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്.
ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു. മുൻപും ഇയാൾ സമാന രീതിയിൽ മദ്യ കച്ചവടം നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം കിട്ടിയിരുന്നു. പ്രവീണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ആനവിരട്ടി ലോക്കൽ നേതൃത്വം അറിയിച്ചു. രാജകുമാരി ബി ഡിവിഷൻ സെക്രട്ടറി നരിയാനിക്കാട്ട് വിജയനാണ് മദ്യ വില്പനയിലെ അടുത്ത പ്രതി.
ഇയാൾ നെടുങ്കണ്ടം ഭാഗത്ത് ഓട്ടോറിക്ഷയിൽ വില്പനയ്ക്ക് എത്തിച്ച 11 ലിറ്റർ മദ്യം എക്സൈസ് കണ്ടെടുത്തു. വിറ്റ മദ്യത്തിന്റെ തുകയും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഡ്രൈ ഡേ പ്രമാണിച്ച് ജില്ലയുടെ മലയോര മേഖലയിൽ വ്യാപകമായി അനധികൃത മദ്യ കച്ചവടം നടക്കുന്നുവെന്ന സൂചനയെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്. ഇരുവരെയും തെളിവെടുപ്പിന് ശേഷം റിമാൻഡ് ചെയ്തു