വത്തക്ക പ്രയോഗം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ കേസ് എടുത്തതിനെ ചോദ്യം ചെയ്ത് മുസ്ലിം യൂത്ത് ലീഗ്. സമാനമായ ആരോപണങ്ങള്‍ മുന്‍പ് പലര്‍ക്കുമെതിരെ ഉയര്‍ന്നപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരെ കേസെട‌ുക്കുകയും ചെയ്തത് ഇരട്ടനീതിയാണ് എന്നാണ് യൂത്ത് ലീഗ് പ്രസിഡന്‍റ് മുനവറലി തങ്ങളും ജനറല്‍ െസക്രട്ടറി പി.കെ.ഫറോസും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. പെണ്‍കുട്ടികളെ അപമാനിക്കുന്നതെന്ന് ഫിറോസ് തന്നെ ഫേസ് ബുക്കില്‍ വിശേഷിപ്പിച്ച പ്രസംഗത്തിന്‍മേല്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കുന്നത് എങ്ങനെയാണ് ന്യൂനപക്ഷത്തിന് എതിരായ കേസായി മാറുന്നത്? നിയമം എതിരാവുമ്പോള്‍ സമുദായത്തിന്റെ പേരില്‍ ആണയിടുന്ന യൂത്ത് ലീഗിനെ എങ്ങനെയാണ് ജനാധിപത്യ സംഘടനയെന്ന് വിളിക്കാനാവുക?

 

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– അക്ഷരാര്‍ഥത്തില്‍ ഇരട്ടത്താപ്പ് നയമാണ് ഇക്കാര്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് കൈക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളെ അപമാനിച്ചത് തെറ്റ്. പക്ഷേ അപമാനിച്ചയാള്‍ക്കെതിരേ നിയമപ്രകാരം കേസ് എടുക്കാന്‍ പാടില്ല. ജനാധിപത്യത്തില്‍ ഇരട്ടത്താപ്പ് നിലപാടുകളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്.