കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ നേതാവ് പ്രഖ്യാപിച്ചുകഴിഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് കണ്‍സഷന്‍ ഉണ്ടാകില്ല. ഇനിയിപ്പോള്‍ പാവം വിദ്യാര്‍ഥികള്‍ എന്തുചെയ്യും? ബസ് ഉടമകള്‍ തീരുമാനിച്ചാല്‍ അനുസരിച്ചല്ലേ മതിയാകൂ? നാടിനേയും ജനങ്ങളേയും ചിരിപ്പിക്കുന്നതിന് ഒരു പരിധിയൊക്കെ ആകാം ശ്രീ. ഗോപിനാഥന്‍. നാടുഭരിക്കുന്നത് തങ്ങളാണെന്ന് പെട്ടെന്നൊരു മതിഭ്രമം ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ഉണ്ടായോ എന്നാണ് സംശയം. കഴിഞ്ഞ ഫെബ്രുവരിയില്‍ ബസ് ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചതിനു പിന്നാലേ നടത്തിയ പണിമുടക്ക് എങ്ങനെ അവസാനിച്ചു എന്നത് അവര്‍ തന്നെ മറന്നുപോയോ? ഡീസല്‍ വിലവര്‍ധന യാഥാര്‍ഥ്യമായിരിക്കെ, അത് സമൂഹത്തിന്റെയാകെ പ്രശ്നമായിരിക്കെ, സാധാരണക്കാരന്റെ മക്കള്‍ക്ക് നല്‍കുന്ന യാത്രാനിരക്കിലെ ഇളവിന്‍മേല്‍ കത്തിവയ്ക്കലാണോ അതിനു പരിഹാരം? അതോ ഇത്, ഉയരുന്ന ഡീസല്‍ വിലയെന്ന ഉവര്‍വശീശാപത്തെ സൗജന്യനിരക്ക് മാറ്റിക്കിട്ടുകയെന്ന ഉപകാരമാക്കി മാറ്റാനുള്ള വിലക്കുറവുള്ള തന്ത്രമോ?

 

ബസ് ഉടമകളോട് 9 മണി ചര്‍ച്ചയ്ക്ക് മുന്നോട്ടുവയ്ക്കാനുള്ള നിലപാട് ഇതാണ്– ബസ് നിങ്ങളുടെ സ്വന്തമാകാം. പക്ഷേ അത് ഓടേണ്ടത് നാടിന്റെയാകെ റോഡില്‍ക്കൂടിയാണ്. വിദ്യാര്‍ഥികളുടെ നെഞ്ചത്തുകൂടിയല്ല. പ്രമാണി ചമയല്‍ ഒഴിവാക്കുന്നതാണ് നല്ലത്. കണ്‍സഷന്‍ പ്രശ്നത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ അതിന് ഒരവസരം ഉണ്ടാക്കാന്‍ ശ്രമിക്കൂ.