തന്റെ ദേഹത്തു കരി ഓയിൽ ഒഴിച്ച കെഎസ്‍യു പ്രവർത്തകർ നല്ല നടപ്പിനു വിധേയരായതിനെ തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാർ അവർക്കു മാപ്പു നൽകി കേസ് അവസാനിപ്പിക്കുന്നു. ചെയ്തതു തെറ്റാണെന്നു തോന്നുന്നെങ്കിൽ സാമൂഹികസേവനം നടത്തി മാനസാന്തരപ്പെട്ടുവരാനുള്ള നിർദേശം പ്രതികളായ എട്ടുപേരും നടപ്പാക്കിയതിനെ തുടർന്നാണു തീരുമാനം. ആശുപത്രികളിലും അനാഥാലയങ്ങളിലും സേവനം നടത്തി ചിത്രവും സർട്ടിഫിക്കറ്റുമായി എത്തി പ്രവർത്തകർ മാപ്പപേക്ഷിച്ചതിനെ തുടർന്നാണു കരി ഓയിൽ കേസ് പിൻവലിക്കാൻ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്. കേസിലെ തുടർനടപടി അവസാനിപ്പിക്കാൻ ഇനി പൊലീസ് റിപ്പോർട്ട് നൽകും.
പ്രതികൾ തെറ്റു മനസ്സിലാക്കി തിരുത്തിയ സാഹചര്യത്തിലാണു കേസ് പിൻവലിക്കുന്നതെന്നു കേശവേന്ദ്രകുമാർ പറഞ്ഞു. ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും വന്നു കണ്ടിരുന്നു. കുട്ടികൾക്കു തെറ്റുപറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും അവർ പറഞ്ഞു. കേസിന്റെപേരിൽ ചിലർക്കു മികച്ച സർക്കാർ ഉദ്യോഗവും നഷ്ടമായി. ഇതെല്ലാം കണക്കിലെടുത്താണു കേസ് പിൻവലിക്കാൻ തീരുമാനിച്ചത്.
ഫീസ് വർധനയ്ക്ക് കരി ഓയിൽ മരുന്ന്!
കേശവേന്ദ്രകുമാർ ഹയർ സെക്കൻഡറി ഡയറക്ടറായിരിക്കെ, 2013 ഫെബ്രുവരി അഞ്ചിനു ഫീസ് വർധനയ്ക്കെതിരായ കെഎസ്‌യു ഉപരോധത്തിനിടെ അദ്ദേഹത്തിന്റെ ഓഫിസിൽ ചർച്ചയ്ക്കു കയറിയ എട്ടു കെഎസ്‍യു പ്രവർത്തകരാണു ശരീരത്തിൽ കരി ഓയിൽ ഒഴിച്ചത്. എൻജിനീയറിങ് വിദ്യാർഥികളായ പ്രതികളെ റിമാൻഡ് ചെയ്തു ജയിലിലാക്കി. പൊതുമുതൽ നശിപ്പിച്ചതടക്കം വകുപ്പുകളാണു ചുമത്തിയത്. ഒടുവിൽ നഷ്ടപരിഹാരത്തുകയായി ലക്ഷങ്ങൾ കോടതിയിൽ കെട്ടിവച്ചാണു ജാമ്യത്തിലിറങ്ങിയത്. ഒരു പ്രതിയുടെ അപേക്ഷ പരിഗണിച്ചു കഴിഞ്ഞ യുഡിഎഫ് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതാണ്. ഐഎഎസ് അസോസിയേഷന്റെ അടക്കം വ്യാപക പ്രതിഷേധം വന്നതോടെ തീരുമാനം റദ്ദാക്കി. പഠനം കഴിഞ്ഞ വിദ്യാർഥികൾക്കു ജോലിയിൽ പ്രവേശിക്കാൻ കേസ് തടസ്സമായി.
ഇതിനിടെ കേശവേന്ദ്രകുമാർ വയനാട് കലക്ടറായി. വയനാട്ടിലും തിരുവനന്തപുരത്തുമെത്തി രക്ഷിതാക്കളും കുട്ടികളും തെറ്റ് ഏറ്റുപറഞ്ഞു പലകുറി ക്ഷമ ചോദിച്ചു. തുടർന്നാണു കേസ് പിൻവലിക്കാൻ അദ്ദേഹം നിബന്ധന വച്ചത് – ‘‘ചെയ്തതു തെറ്റാണെന്നു തിരിച്ചറിവുണ്ടെങ്കിൽ നിങ്ങൾ സാമൂഹിക സേവനം ചെയ്തു നല്ല മനസ്സിന് ഉടമയായെന്ന് എനിക്കു ബോധ്യമാകണം.’’
പാപപരിഹാരമായി ശുചീകരണം, സേവനം
പ്രതിചേർക്കപ്പെട്ടവർ മാനസികാരോഗ്യ കേന്ദ്രത്തിലും സർക്കാർ ആശുപത്രികളിലും ശുചീകരണം നടത്തി, സൗജന്യ ഭക്ഷണം വിതരണം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിചരിച്ചു. ഡോക്ടർമാർ ഈ സേവനമൊക്കെ സാക്ഷ്യപ്പെടുത്തി നൽകിയ സർട്ടിഫിക്കറ്റും ഫോട്ടോകളും പ്രതികൾ ഹാജരാക്കി. ഇതോടെ കേശവേന്ദ്രകുമാർ സർക്കാരിനെഴുതി – അവർക്കു തെറ്റു ബോധ്യപ്പെട്ടു. വാദിയായ എനിക്ക് ഇനി കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല. പ്രതിസന്ധികളോടു പടവെട്ടി സിവിൽ സർവീസിലെത്തിയ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ സ്വന്തം പ്രവൃത്തിയാൽ വീണ്ടും വേറിട്ടൊരു മുഖമായി. കേരളത്തിന്റെ മുഖത്തിനു നേരെ ഒഴിച്ച കരി ഓയിൽ ഭാവിയിൽ എല്ലാ സമരക്കാർക്കും ഒരു നല്ല പാഠവും.