സിപിഐ നേതാവ് ആനി രാജയ്ക്കു ഡൽഹിയിൽ ക്രൂരമർദനമേറ്റു. കട് പുത്തലി കോളനി ഒഴിപ്പിക്കലിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് മർദനമേറ്റത്. പോലീസിന്റെ മുന്നിൽ വെച്ചു ഗുണ്ടകളാണ് ആക്രമിച്ചതെന്ന് സിപിഐ നേതൃത്വം ആരോപിച്ചു.
തെരുവ് കച്ചവടക്കാരും കലാകാരന്മാരും തിങ്ങിപറക്കുന്ന പടിഞ്ഞാറൻ ഡൽഹിയിലെ കട് പുത്തലി കോളനി ഒഴിപ്പിക്കാൻ സർക്കാർ നീക്കം ആരംഭിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടർന്നു സർക്കാർ നടപടി പലകുറി പരാജയപ്പെട്ടു. തുടർന്ന് പോലീസിന്റെ സഹായത്തോടെ ബലം പ്രയോഗിച്ചു ഒഴിപ്പിക്കൽ ആരംഭിച്ചു. ഡി ഡി എ യും സ്വകാര്യ ബിൽഡർ കമ്പനിയും ജെ സി ബി യുമായി എത്തിയതോടെയാണ് സംഘർഷത്തിന് തുടക്കമായത്.
കോളനിക്കാരുടെ ചെറുത്തു നിൽപ്പിന് പിന്തുണയുമായി എത്തിയ ആനി രാജ ഉൾപ്പടെയുള്ള നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും നേരെ കയ്യേറ്റമുണ്ടായി. പൊലീസ് ലാത്തി ചാർജ് നടത്തി. ഇതിനു പുറമെ സ്വകാര്യ ബയിൽഡർസ് കമ്പനിയുടെ ഗുണ്ടകളും ആക്രമണം നടത്തിയെന്ന് സി പി ഐ ആരോപിച്ചു.
ഗുരുതരമായി പരുക്കേറ്റ ആനി രാജയെ ആർ എം എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. കേന്ദ്ര നഗര വികസന മന്ത്രിയെ വിഷയം ധരിപ്പിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ലെന്നും രാജ പറഞ്ഞു. പ്രതിഷേധം ശക്തമാക്കാനാണ് സി പി ഐ യുടെ തീരുമാനം