മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ വല്യേട്ടന്‍റെ റീമാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. പലവട്ടം ടെലിവിഷനിലൂടെ കണ്ട ചിത്രമാണെങ്കിലും റീമാസ്റ്റേര്‍ഡ് പതിപ്പ് കാണാന്‍ തിയറ്ററുകളില്‍ വലിയ ജനത്തിരക്കാണ്. അറയ്ക്കല്‍ മാധവനുണ്ണിയെ കൂടുതല്‍ ദൃശ്യ ശ്രാവ്യ മികവോടെ കാണാനെത്തുകയാണ് ആരാധകര്‍. 2000ത്തില്‍ ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വല്യേട്ടന്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. റീ റിലീസിന്‍റെ ആദ്യദിനം തന്നെ ചിത്രം ഹൗസ് ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളും വിഡിയോസും സോഷ്യലിടത്ത് വൈറലാണ്.
4കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവിലേക്ക് അപ്ഗ്രേഡ് ചെയ്താണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്. മാറ്റിനി നൗവാണ് ഫോർ കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആരാധകവൃന്ദം തിയറ്ററുകളിലെത്തിയത്. കേരളത്തില്‍ 120 സ്ക്രീനുകളിലാണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്.
2000 സെപ്റ്റംബര്‍ 10 നായിരുന്നു ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ്. വല്യേട്ടന്‍റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് 24 വർഷങ്ങൾക്ക് ശേഷം ചിത്രം റീ-റിലീസിനായി ഒരുക്കിയിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്കിപ്പുറം അറയ്ക്കല്‍ മാധവനുണ്ണിയുടെ തറവാട്ട് പടിക്കലേക്ക് വീണ്ടും തിരിച്ചുപോകാനായതിന്‍റെ സന്തോഷത്തിലാണ് സിനിമാരാധകര്‍.