സംസ്ഥാന അവാർഡ് നേടിയ പത്രപ്രവർത്തകരെയെല്ലാം നേരിട്ട് വിളിച്ച് അഭിനന്ദിച്ച് നടൻ ഇന്ദ്രൻസ്. തന്റെ എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായിരുന്നവരാണ് മാധ്യമ പ്രവർത്തകർ. സിനിമയിൽ വന്ന കാലം മുതൽ തന്നെ മാധ്യമലോകം തന്നെ ശ്രദ്ധിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തിട്ടുണ്ട്. സൗത്ത് ഏഷ്യൻ ഫിലിംഫെസ്റ്റിവലിലും ഷാങ്ഹായ് ചലച്ചിത്ര മേളയിലും അംഗീകാരം ലഭിച്ചപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ നൽകിയ പിന്തുണ മറക്കാനാവാത്തതാണ്. ആ നല്ല സുഹൃത്തുക്കൾക്ക് കിട്ടുന്ന അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഇന്ദ്രൻസ് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ചില സുഹൃത്തുക്കൾ വഴിയാണ് അവാർഡ് ജേതാക്കളുടെ ഫോൺ നമ്പർ സംഘടിപ്പിച്ചത്. റിപ്പോർട്ടർമാരെയും ക്യാമറ,എഡിറ്റിംഗ് , അങ്ങനെ എല്ലാ വിഭാഗങ്ങളിലും അവാർഡ് കിട്ടിയവരെ വിളിച്ചഭിനന്ദിച്ച ഇന്ദ്രൻസിന്റെ പ്രവൃത്തിയിൽ അദ്ഭുതവും അമ്പരപ്പും തോന്നിയെന്ന് പുരസ്കാര ജേതാക്കൾ പറഞ്ഞു. ഏതെങ്കിലും സുഹൃത്തുക്കൾ ശബ്ദം മാറ്റി വിളിച്ച് കബളിപ്പിക്കാൻ ശ്രമിക്കുകയാണോ എന്ന് സംശയിച്ചവരും ഉണ്ട് ഇക്കൂട്ടത്തിൽ.

തിരുവനന്തപുരത്തും കണ്ണൂരുമായി നടക്കുന്ന ഷൂട്ടിംഗ് തിരക്കിലാണ് നടൻ. നമ്പർ രമേശ്,ഹിഗ്വിറ്റ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്.