dimple-rose-yt

സെലിബ്രിറ്റികളുടെ വിവാഹവും വിവാഹമോചനവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. പലപ്പോഴും വസ്തുതകൾക്കു നിരക്കുന്ന വാർത്തകളാകില്ല പ്രചരിക്കുന്നത്. ചിലപ്പോൾ തങ്ങളെ സംബന്ധിക്കുന്ന ഇത്തരം വാർത്തകൾ അവർ അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. സമൂഹത്തിലെ ഏതു സാധാരണക്കാരെപ്പോലേയും സെലിബ്രിറ്റികളും സ്വകാര്യത ആഗ്രഹിക്കുന്നുണ്ട്. നിറംപിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കും മുൻപ് എല്ലാവരും ഇക്കാര്യം ഓർത്തിരിക്കണം. 

 

തന്റെ സഹോദരൻ ഡോണും നടി മേഘ്ന വിൻസെന്റും വിവാഹമോചിതരായതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് നടി ഡിംപിൾ റോസ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം വിശദീകരിക്കുന്നത്. വിഡിയോകൾക്ക് ലഭിക്കുന്ന കമന്റുകളിൽ സഹോദരന്റെ വിവാഹമോചനത്തെക്കുറിച്ചും നിരവധി ചോദ്യങ്ങളുണ്ട്. ഇതിനുകാരണം ഡിംപിളാണ് എന്ന തരത്തിലും കമന്റുകളുണ്ടായിരുന്നു. ഇതോടെയാണ് താരം പ്രതികരിച്ചത്. 

 

ചോദ്യങ്ങൾ എന്നതിലുപരി അടിച്ചേൽപ്പിക്കുന്നതായിരുന്നു കമന്റുകളിൽ പലതുമെന്ന് ഡിംപിൾ പറയുന്നു. ‘‘ഓടിച്ചതാണോ , അടിച്ചോടിച്ചതാണോ, ഓടിപ്പോയതാണോ, എന്നൊക്കെ പലരും ചോദിക്കാറുണ്ട്. നാത്തൂനെ ഓടിച്ചതാണോ , നാത്തൂന്റെ ശല്യം കൊണ്ടാണോ, ഭർതൃ പീഡനമാണോ, അടിച്ചോടിച്ചതല്ലേ, ഉപേക്ഷിച്ചതല്ലേ, വലിച്ചെറിഞ്ഞതല്ലേ. ആ ബേബി ഷവറിന്റെയും കേക്കിന്റെയും വിഡിയോകളുടെ കമന്റുകളിൽ നോക്കിയിൽ നിങ്ങൾക്കു തന്നെ ഇതു കാണാം. ചോദ്യം അല്ല അങ്ങനെയാണ് എന്ന് അവർ പറയുകയാണ്. നമ്മുടെ വീട്ടിലാണ് അവർ താമസിക്കുന്നതെന്ന നിലയിലാണ് സംസാരം. അവരോടെക്കെ എന്താ പറയുക. ഇവിടെനിന്ന് ആരും അടിച്ചോടിച്ചിട്ടില്ല. ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ആ സമയത്ത് എന്റെ വീട്ടിൽവന്നു നിൽക്കാനോ, ഇവിടുത്തെ കാര്യം അന്വേഷിക്കാനോ എനിക്ക് നേരം ഉണ്ടായിരുന്നില്ല. ഞങ്ങൾ ഞങ്ങളുടെ ലൈഫുമായി ഹാപ്പി ആയിരുന്നു. തിരക്കിൽ ആയിരുന്നു. ഒരാളെ അടിച്ചോടിച്ചിട്ട് എനിക്ക് ഒന്നും നേടാനില്ല’’ – ഡിംപിൾ വ്യക്തമാക്കി.

 

വിവാഹമോചനത്തെക്കുറിച്ച് അറിയാനാണ് പലർക്കും താൽപര്യം. എന്നാൽ അത് കഴിഞ്ഞു പോയ കാര്യമാണ്. ഒന്നിച്ചു ജീവിക്കണ്ട എന്ന തീരുമാനം എടുത്തത് അവരാണ്. രണ്ടു പേർക്കും അവരവരുടെ കാരണങ്ങൾ ഉണ്ടാകും. ഇതൊന്നുമറിയാതെ കുറ്റപ്പെടുത്തി സംസാരിക്കുന്ന പ്രവണത മോശമാണെന്നും ഡിംപിൾ പറഞ്ഞു.