75 കോടി ക്ലബില്‍ ഇടം പിടിച്ച് മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷനാണ് 18 ദിവസം കൊണ്ട് 75 കോടി കടന്നത്. കേരളത്തില്‍ നിന്ന് 37 കോടിയിലേറെ ചിത്രം കളക്ട് ചെയ്തപ്പോള്‍ കേരളത്തിനു പുറത്ത് നിന്ന് ആറ് കോടിയോളം കളക്ട് ചെയ്യാന്‍ സാധിച്ചു. ഓവര്‍സീസില്‍ സമാനതകളില്ലാത്ത നേട്ടം കൂടിയായതോടെയാണ് കണ്ണൂർ സ്‌ക്വാഡിന്റെ കുതിപ്പ്. സിനിമയുടെ ഒഫീഷ്യൽ ഫെയ്സ്ബുക് പേജിലൂടെയാണ് ചിത്രം 75 കോടി നേടിയ കാര്യം അറിയിച്ചിരിക്കുന്നത്.
കണ്ണൂര്‍ സ്‌ക്വാഡ് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം വാരത്തിലും മുന്നൂറില്‍പരം സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ മൂന്നാം ആഴ്‍ചയിലും മികച്ച സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. വിജയ് ചിത്രം ലിയോ ഒക്ടോബർ 19-ാം തിയതി റിലീസ് ചെയ്യുന്നത് കണ്ണൂര്‍ സ്‌ക്വാഡിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്. സിനിമയുടെ സക്സസ് ടീസര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നുമുണ്ട് അണിയറ പ്രവര്‍ത്തകര്‍. കൂടാതെ മലയാള സിനിമകളെ പിന്തുണയ്ക്കണമെന്നും ടീസറിന്റെ അവസാനം പറയുന്നു.ലിയോ പുറത്തിറങ്ങുന്നതോടെ മലയാളം സിനിമകള്‍ കൂട്ടത്തോടെ തിയറ്ററില്‍ നിന്ന് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മമ്മൂട്ടിക്കമ്പനിയുടെ ഈ നീക്കം.
മലയാള സിനിമകളെ പിന്തുണയ്ക്കുന്നത് തുടരണമെന്ന വാചകം ഈ ചര്‍ച്ചകള്‍ മുന്നില്‍ കണ്ടാണെന്നാണ് പ്രേക്ഷക പക്ഷം. തമിഴ് സിനിമയുടെ വൈഡ് റിലീസ് നീക്കത്തിനെതിരെ സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെ, ആര് വന്നാലും കണ്ണൂര്‍ സ്ക്വാഡ് പൂജയ്ക്കും ദീപാവലിക്കും പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് തിയറ്ററുകള്‍ തന്നെ രംഗത്തെത്തുന്നുണ്ട്. ഇതിനിടെ ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിച്ചിത്രം കാതല്‍ നവംബര്‍ 20ന് തിയറ്ററിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Kannur Squad Crossed 75 CR Worldwide Collection