kanakalatha-death

കഴിഞ്ഞ ദിവസം അന്തരിച്ച നടി കനകലതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. കനകലതയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി അനശ്വര നടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. അതേസമയം കനകലതയെ അനുസമരിച്ച് നടന്‍ മോഹന്‍ലാല്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചു. കിരീടം അടക്കം ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച പ്രിയ സഹോദരിക്ക് വേദനയോടെ വിട പറയുന്നെന്നായിരുന്നു മോഹന്‍ലാലിന്‍റെ കുറിപ്പ്. 

 

മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു  പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ എന്നാണ് കനകലതയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഫെയ്ബുക്കില്‍ കുറിച്ചത്. 

 

പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ഏറെ നാളായി സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു കനകലത. ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം എന്ന് വിശേഷിപ്പാവുന്ന നടി. അമ്മയായും പെങ്ങളായും വേലക്കാരിയായും അയല്‍വാസിയായുമെല്ലാം മലയാളിപ്രേക്ഷകര്‍ മുന്നിലെത്തിയ അനുഗ്രഹീത കലാകാരി. ഹാസ്യകഥാപാത്രങ്ങളും അനായാസം കനകലതയ്ക്ക് വഴങ്ങുമായിരുന്നു. മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കനകലതയുടെ കഥാപാത്രങ്ങള്‍. തമിഴിലും മലയാളത്തിലുമായി 360ലേറെ സിനിമകളില്‍ താരം അഭിനയിച്ചു. 

 

നാടകത്തിലൂടെ വെള്ളിത്തിരയിലെത്തിയ കനകലത പിന്നീട് സീരിയലുകളിലും മിനിസ്ക്രീനിലും ശ്രദ്ധിക്കപ്പെട്ടു. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പിന്നീട് പതുക്കെ അഭിനയരംഗത്ത് നിന്നും അകന്നു. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കനകലതയെ വല്ലാതെ വലച്ചു. പൂക്കാലം എന്ന ചിത്രത്തിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വസതിയിലായിരുന്നു താരത്തിന്‍റെ അന്ത്യം. 

Mohanlal and Mammootty remembering Kanakalatha