1999, 2000 കാലഘട്ടം , ബുധനാഴ്ച ദിവസം വൈകിട്ട് 7.15 ആകുവാന്‍ ആളുകള്‍ കാത്തിരുന്ന സമയം ഉണ്ട്. ദൂരദർശനിൽ ആ സമയത്ത് ഒരു പമ്പരം തിരിയാന്‍ തുടങ്ങും, ‘പകിട പകിട പമ്പരം’ എന്ന ടെലിവിഷൻ സീരിയല്‍. ആക്ഷേപ ഹാസ്യത്തിന്‍റെ പുതിയ വാതില്‍ തുറന്ന ആ പരിപാടിക്ക് പ്രായഭേദമന്യേ ആളുകളുടെ കൂട്ടയിടിയാണ് ഓരോ എപ്പിസോഡും കാണാന്‍. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആ ടെലിവിഷൻ സീരിയല്‍ ആകെ 278 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്. ടോം ജേക്കബ് മുഖ്യ വേഷത്തിലെത്തിയ സീരിയലിന് മലയാളികളുടെ നൊസ്റ്റാൾജിയകളിലാണ് സ്ഥാനം. അദ്ദേഹം തന്നെയായിരുന്നു നിര്‍മാതാവും. അന്ന് ടെലിവിഷനിലൂടെ പൊട്ടിച്ചിരിപ്പിച്ച ടോം ജേക്കബ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം തിരച്ച് വരുവാന്‍ ഒരുങ്ങുകയാണ് . ഈ തവണ വരവ് സിനിമയിലൂടെയാണ് .പുതിയ സിനിമ വിശേഷങ്ങള്‍ മനോരമ ന്യൂസ് ഡോട് കോമിനോട് ആ പങ്കുവയ്ക്കുകയാണ് താരം
തിരിച്ചു വരവ് സിനിമയിലൂടെ
എന്‍റെ പുതിയ സിനിമയാണ് കലാം സ്റ്റാൻഡേർഡ് 5 ബി . ചിത്രത്തിന്‍റെ ട്രെയിലറിനെല്ലാം മികച്ച അഭിപ്രായമാണ് കിട്ടിത്. ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തിപ്പെടുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഒരു മുസ്ലീം കഥാപാത്രമായിട്ടാണ് ഞാന്‍ ചിത്രത്തിലെത്തുന്നത്. ‘സിഎഎ’യുടെ വരവോടുകൂടി ഇവരുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതാണ് സിനിമ പറയുന്നത്. പൂര്‍ണമായും ഉത്തരേന്ത്യയിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ , സംഭാഷണം ക്യാമറ, എഡിറ്റിങ്ങ്, സംവിധാനം ലിജു മിത്രൻ മാത്യു ആണ്. മധ്യപ്രദേശിലെ ദേവാസിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. ഏഞ്ചലോ ക്രിസ്റ്റ്യാനോ, നിമിഷ നായർ, മെലീസ, ജോൺസൻ, ജോബി കോന്നി, ശ്രീകുമാർ, സത്യനാഥ്, ജിത്തു, എന്നിവരോടൊപ്പം നിരവധി കലാകാരന്മാരും അഭിനയിച്ചിരിക്കുന്നു.
പുതിയ കാലത്തും ജനം സ്വീകരിക്കും
ഒരുപാട് പ്രേക്ഷകരെ ചിരിപ്പിച്ച ആളാണ് ഞാന്‍ .ഈ തവണ വരവ് കുറച്ച് സീരിസായിട്ടാണ്. നിലവിലെ നമ്മുടെ രാഷ്ട്രിയ അവസ്ഥയും ജീവിത പ്രതിസന്ധിയുമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ കാര്യമായി തന്നെ ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ് ഈ സിനിമ ഉണ്ടായിരിക്കുന്നത്. ചിത്രം ഒടിടി റിലീസ് വേണോ, തിയറ്റര്‍ റിലീസ് വേണോ എന്നത് ഞാന്‍ ജനങ്ങളോട് തന്നെയാണ് ചോദിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
ചിരിപ്പിച്ച് ചിന്തിപ്പിച്ച ‘പകിട പകിട പമ്പരം’
അന്നും ഇന്നും ‘പകിട പകിട പമ്പരം’ എന്ന ലേബലില്‍ തന്നെയാണ് പ്രേക്ഷകന്‍ എന്നെ കാണുന്നത്. അത് വലിയ സന്തോഷമുള്ള കാര്യമാണ്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ‘പകിട പകിട പമ്പരത്തി’നായി. 278 എപ്പിസോഡുകളാണ് പകിട പകിട പമ്പരം സംപ്രേഷണം ചെയ്തത്. ഒരു ആക്ഷേപഹാസ്യത്തിന്‍റെ ശൈലിലാണ് അന്ന് അത് അവതരിപ്പിച്ചത്. ആ കാലത്ത് റേറ്റിങ്ങില്‍ പമ്പരം ചരിത്രം കുറിച്ചിരുന്നു.