വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നടനും ലഫ്റ്റനന്റ് കേണലുമായ മോഹൻലാലിനെതിരെ അപകീര്‍ത്തികരമായ വിഡിയോ പങ്കുവച്ച യൂട്യൂബർ ചെകുത്താനെതിരെ നടന്‍ ബാല രംഗത്ത്. െചകുത്താനെന്ന പേരില്‍ അറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് വിഷമാണെന്ന് തുറന്നടിച്ചായിരുന്നു ബാലയുടെ പ്രതികരണം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ബാല അജു അലക്സിനെതിരെ രംഗത്തെത്തിയത്.
മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ യുട്യൂബര്‍ അജു അലക്സിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. പ്രതിയുടെ കൊച്ചിയിലെ മരോട്ടിച്ചുവടുള്ള ഫ്ലാറ്റില്‍ നിന്ന് വീഡിയോ ചിത്രീകരിക്കാനുപയോഗിച്ച മോബൈല്‍ ഫോണും ട്രൈപ്പോഡും പൊലീസ് പിടിച്ചെടുത്തു. വയനാട് ദുരന്തമുഖത്തെത്തി പുനരധിവാസത്തിന് മൂന്നുകോടി രൂപ ധനസഹായം നല്‍കുമെന്ന മോഹന്‍ലാലിന്‍റെ വാഗ്ദാനത്തിന് പിന്നാലെയായിരുന്നു ചെകുത്താന്‍ എന്ന അജു അലക്സിന്‍റെ യുട്യൂബിലൂടെയുള്ള അധിക്ഷേപം. വീഡിയോയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിയെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചെകുത്താനെന്ന അജു അലക്സിന്‍റെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ ചെകുത്താനെതിരെ നടന്‍ ബാലയും തുറന്നടിച്ചു. 'എട്ട്, പത്ത് മാസങ്ങൾക്ക് മുമ്പ് ഇതല്ലേ ഞാന്‍ എല്ലാവരോടും പറഞ്ഞത്. ഇവന്‍ ഒരു വിഷമാണ്. ഇവന്‍റെ പ്രവര്‍ത്തികളെല്ലാം വെറും മോഷമാണ്. പക്ഷേ എല്ലാവരും അന്ന് എന്നെയാണ് വിമര്‍ശിച്ചത്' എന്നായിരുന്നു ബാലയുടെ പ്രതികരണം.
ബാലയുടെ വാക്കുകള്‍ ഇങ്ങനെ..
'ഒരു എട്ട്, പത്ത് മാസം മുൻപ് ചെകുത്താനെ അഥവ അജു അലക്സിനെ കുറിച്ച് ഇതല്ലേ ഞാൻ പറഞ്ഞത്. എല്ലാവരോടും. എല്ലാ ചാനലിലും ചര്‍ച്ച നടന്നു. ഞാന്‍ എന്താ ശ്രമിച്ചത്? ഞാന്‍ എന്താ ചെയ്തത്? ഞാൻ എന്ത് പാപമാണ് ചെയ്തത്? അന്ന് ഞാന്‍ എന്താ ഉദ്ദേശിച്ചത്. ഇവന്‍ ഒരു വിഷമാണ്. ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മോശമാണ്. വേണ്ട നിര്‍ത്തണം എന്നു പറഞ്ഞിട്ട് ഞാന്‍ പോയി. എന്തെല്ലാം വാര്‍ത്തകള്‍ വന്നു. ഞാൻ തോക്കെടുത്തു വയലൻസ് എടുത്തു ബാല എന്നൊക്കെ ആയിരുന്നു വാർത്തകൾ. പക്ഷേ ഒരുപാട് പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. ഒരുപാട് പേര്‍ എന്നെ മനസിലാക്കി. വയനാട്ടില്‍ നടന്നത് ഒരു മഹാദുരന്തമാണ്. അത് കേരളത്തിലാണ് നടന്നത്. ദുരിതബാധിതർക്ക് വേണ്ടി എല്ലാവരും കൈകോർക്കുന്നുണ്ട്. എല്ലാ നാട്ടില്‍ നിന്നുളളവരും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ സഹായവുമായി എത്തുന്നുണ്ട്. കേരളത്തിന് വേണ്ടിയും കേരളത്തിലെ മക്കള്‍ക്ക് വേണ്ടിയും എല്ലാവരും സഹായവുമായി എത്തുന്നുണ്ട്. ഇത് നമ്മുടെ എല്ലാവരുടെയും പ്രശ്നമാണ്. അതിലും കേറി കമന്റ് ചെയ്ത് വളരെ നെഗറ്റീവ് ആയിട്ടുള്ള കാര്യം പറഞ്ഞ് പരത്തിയിരിക്കുകയാണ് അജു അലക്സ്'.
'ഇതൊക്കെ ഞാൻ അന്നേ പറഞ്ഞതല്ലേ. ഒരു കാര്യം കൂടി നിങ്ങള്‍ ഓര്‍ത്തെടുക്കണം. എന്‍റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു. എന്‍റെ കുടുംബത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായി. അന്ന് എന്റെ കുടുംബത്തിന് എന്തെല്ലാം വേദന ഉണ്ടായി. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ വയനാടിന് വേണ്ടി മൂന്ന് കോടി രൂപ കൊടുത്തു. നമുക്ക് അറിയുന്ന കാര്യങ്ങള്‍ അത്രേയുളളു. അറിയാത്ത കാര്യങ്ങള്‍ എന്തൊക്കെയുണ്ടാകും. നന്മ ചെയ്യുന്നവർ ചെയ്യാത്തവരെ കുറിച്ച് എന്തെങ്കിലും കമന്റ് പറയുന്നുണ്ടോ? ഇല്ല. പിന്നെ എന്തിനാണ് ചെയ്യാത്തവർ ചെയ്യുന്നവരെ കുറിച്ച് മോശമായി പറയുന്നത്? സിനിമയെ കുറിച്ച് റിവ്യൂ ചെയ്യു. ഒരു പ്രശ്നവുമില്ല. ആക്ടിങ്ങിനെ കുറിച്ച് റിവ്യൂ ചെയ്യു ഒരു പ്രശ്നവുമില്ല. അതിനെല്ലാവര്‍ക്കും അവകാശമുണ്ട്. ഞാന്‍ എന്തുമാത്രം അനുഭവിച്ചു. സന്തോഷ് വർക്കിക്ക് എതിരെ ഞാൻ ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. വേഗം തന്നെ അത് പിന്‍വലിച്ചു. അയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടാകാം. അതുകൊണ്ട് നമുക്ക് വിടാം. പക്ഷേ കുറച്ച് പേർ ഭൂമിക്ക് വിഷമായി നിലനിൽക്കുന്നുണ്ട്. അത് നമ്മൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു. നടൻ സിദ്ധിഖ് സർ എടുത്ത സ്റ്റെപ് ശരിയായിട്ടുള്ള കാര്യമാണ് ' എന്നും ബാല തന്നെ വിഡിയോയിലൂടെ വ്യക്തമാക്കി. അതേസമയം . അജു അലക്സിനോട് എനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു.