സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്ല്യുവന്‍സര്‍ ദിയ കൃഷ്ണയുടെ വിവാഹവിശേഷങ്ങള്‍. കല്യാണ ഒരുക്കങ്ങള്‍ മുതല്‍ എല്ലാ വിഡിയോകള്‍ക്കും മില്യണ്‍ കണക്കിന് ആളുകളാണ് കാഴ്ചക്കാര്‍. ഒരു വീടുനിറയെ യൂട്യൂബര്‍മാരുണ്ട്, എല്ലാവരുടെ ചാനലിലും ഒരേ വിശേഷങ്ങള്‍ തന്നെ, എന്നിട്ടും ആളുകള്‍ ദിയയുടെ മാത്രമല്ല അമ്മ സിന്ധു കൃഷ്ണയുടെയും സഹോദരിമാരായ അഹാന, ഇഷാനി, ഹന്‍സിക എന്നിവരുടെയും വിഡിയോകള്‍ കാണാന്‍ അത്രത്തോളം ആഗ്രഹിച്ചാണ് എത്തുന്നത്.
ഇപ്പോള്‍ ട്രെന്‍ഡിങിലുള്ളത് ദിയയുടെ സംഗീത് വിഡിയോയാണ്. കുടുംബസമേതമുള്ള ഇവരുടെ നൃത്തവിഡിയോയും മില്യണുകള്‍ കടന്നു. അപ്പൂപ്പനേയും അമ്മൂമ്മയേയും അടക്കം വേദിയില്‍ കാണാം. ‘ആവേശം’ സിനിമയിലെ പാട്ടിന് ഇവര്‍ ചുവടുവച്ചതും ആവേശം നിറച്ചു. നേരത്തെ അപ്പൂപ്പനും അമ്മൂമ്മയും ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വിഡിയോ വൈറലായിരുന്നു.
ഡാന്‍സിനൊപ്പം തന്നെ ദിയയുടെയും നവവരന്‍ അശ്വിന്‍റെയും മാത്രമല്ല കുടുംബത്തിലെ ഓരോരുത്തരുടെയും വസ്ത്രങ്ങളടക്കം വളരെയധികം ശ്രദ്ധനേടി. കടുംപച്ച കളർ തീമിലാണ് ദിയയുടെ സംഗീത് ചടങ്ങ് ഒരുക്കിയത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു സംഗീത് ചടങ്ങിലുണ്ടായിരുന്നത്. സെപ്റ്റംബര്‍ 5നായിരുന്നു വിവാഹം. വിവാഹച്ചടങ്ങിലും അധികം ആളുകള്‍ക്ക് ക്ഷണമുണ്ടായില്ല. സ്വകാര്യമായ ചടങ്ങായി നടത്തുകയായിരുന്നു.
സ്വന്തമായി അധ്വാനിച്ച് സ്വന്തം കല്യാണം അതിമനോഹരമാക്കിയ ദിയയ്ക്ക് സൈബറിടത്ത് വന്‍ സ്വീകാര്യതയും പ്രശംസകളുമാണ് ലഭിക്കുന്നത്. ‘പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം’ എന്നാണ് പലരുടെയും കമന്‍റ്. ഇതേക്കുറിച്ച് കൃഷ്ണകുമാര്‍ പങ്കുവച്ച ഒരു കുറിപ്പും വൈറലായിരുന്നു.