• ‘മൂന്ന് നടിമാര്‍ രഹസ്യമൊഴി നല്‍കുമെന്ന് അറിയിച്ചു’
  • ‘കരുതിയിരിക്കാന്‍ വേണ്ടിയാണ് ഫോണില്‍ വിളിച്ച് അറിയിച്ചത്’
  • ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സംഗീത് ലൂയീസ്

ബാലചന്ദ്രമേനോനെ വിളിച്ചിരുന്നുവെന്ന് നടിയുടെ അഭിഭാഷകന്‍ സംഗീത് ലൂയീസ് മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു.   വിളിച്ചത് മുന്നറിയിപ്പെന്ന നിലയിലെന്ന് സംഗീത് ലൂയിസ്. മൂന്ന് നടിമാര്‍ രഹസ്യമൊഴി നല്‍കുമെന്ന് അറിയിച്ചു. കരുതിയിരിക്കാന്‍ വേണ്ടിയാണ് ഫോണില്‍ വിളിച്ച് അറിയിച്ചത്. താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു ബാലചന്ദ്രമേനോന്‍റെ മറുപടി. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സംഗീത് ലൂയീസ്.

നടിയുടെ ലൈംഗിക ആരോപണങ്ങള്‍ക്കെതിരെ ബാലചന്ദ്രമേനോന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നടിയുടെ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. നടിക്കെതിരെയും അഭിഭാഷകനെതിരെയും നല്‍കിയ ബ്ലാക്ക്മെയ് ലിങ് പരാതിയിലും ഡിജിപി ഇന്ന് തീരുമാനമെടുക്കും.

ആലുവ സ്വദേശിയായ നടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചത്. സമൂഹമാധ്യമ അക്കൗണ്ടിലൂടെയും ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലുമായിരുന്നു ഗുരുതര പരാമര്‍ശങ്ങള്‍. നടിയുടെ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് സൈബര്‍ പൊലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.

നടിയുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്  ബാലചന്ദ്രമേനോന്‍റെ രണ്ടാമത്തെ പരാതി.  ആരോപണങ്ങള്‍ ഉയരുന്നതിന് തലേദിവസം അഭിഭാഷകന്‍ സംഗീത് ലൂയിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഗൂഡാലോചന അന്വേഷിക്കണമെന്നുമാണ് ആവശ്യം. ഭീഷണിയില്ല മുന്നറിയിപ്പെന്ന നിലയിലാണ് ബാലചന്ദ്രമേനോനെ വിളിച്ചതെന്നാണ് അഭിഭാഷകന്‍ സംഗീത് ലൂയിസിന്‍റെ വാദം.

ബാലചന്ദ്രമേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ അടുത്ത ദിവസം കൂടുതല്‍ നടിമാരുടെ വെളിപ്പെടുത്തലുണ്ടാകുമെന്നും അഭിഭാഷകന്‍ ആവര്‍ത്തിച്ചു. നടിക്കെതിരെ ബന്ധുവിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

The actress's lawyer, Sangeet Louis, confirmed to Manorama News that he called to Balachandra menon.