പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തെലങ്കാന നബല്ലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസ് റദ്ദാക്കണമെന്ന നടന്‍റെ ഹര്‍ജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണ്. ഇതില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അല്ലുവിന് ജയിലില്‍ പോകേണ്ടിവരും. അപകടം കരുതിക്കൂട്ടിയല്ലെന്നാണ് നടന്‍റെ അഭിഭാഷകരുടെ വാദം. ആരാധകരുടെ അടുത്തേക്ക് പോകരുതെന്ന മുന്നറിയിപ്പ് താരം അവഗണിച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ഉച്ചയ്ക്ക് ജൂബിലിഹില്‍സിലെ വീട്ടില്‍ നിന്നാണ് ഹൈദരാബാദ് പൊലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. കേസില്‍ തിയേറ്റര്‍ ഉടമ, മാനേജര്‍, സുരക്ഷാ മേധാവി തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈമാസം നാലിന് രാത്രി പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് മുപ്പത്തൊന്‍പതുകാരി മരിച്ചത്. സിനിമ കാണാനെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ ശ്രമമാണു അത്യാഹിതമുണ്ടാക്കിയത്.
നടന്‍റെ അംഗരക്ഷകര്‍ ഉണ്ടാക്കിയ തിക്കും തിരക്കുമാണ് മുപ്പത്തൊമ്പതുകാരി രേവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. തിയറ്റർ മാനേജ്മെന്‍റും കേസിൽ പ്രതികളാണ്. അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിക്കിത്തിരക്കുണ്ടായതും കുടുംബത്തോടൊപ്പം വന്ന രേവതി അതില്‍പ്പെട്ടതും.
അല്ലു അർജുന്‍റെ ബൗൺസർമാർ താരത്തിന് അടുത്തേക്ക് ആളുകൾ വരാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ ആണ് പ്രശ്നത്തിന് തുടക്കമിട്ടതെന്നാണ് ഹൈദരാബാദ് പൊലീസിന്റെ കണ്ടെത്തൽ. തിയറ്ററുടമകള്‍ താരത്തിന്റെ സന്ദർശനം അറിയിച്ചതുമില്ല. രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ചിക്കട്പ്പള്ളി പൊലീസാണ് കേസെടുത്തത്.
പുഷ്പ 2 വിന്‍റെ ആദ്യ പ്രദർശനത്തിനിടെ പലയിടങ്ങളിലും ആരാധകരുടെ അഴിഞ്ഞാട്ടമുണ്ടായി. ബെംഗളുരുവിലെ ഉര്‍വശി തിയേറ്ററിൽ സ്ക്രീനിന് മുന്നിൽ തീപന്തം കത്തിച്ച് നൃത്തം ചെയ്താണ് സിനിമയെ വരവേറ്റത്. ജീവനക്കാര്‍ തക്കസമയത്ത് ഇടപെട്ട് ആരാധകരെ പിന്തിരിപ്പിച്ചതിനാല്‍ സ്ക്രീനിനു തീപിടിച്ചില്ല. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളടക്കമുള്ളവരെ പൊലീസ് തിയേറ്ററില്‍ നിന്നു കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. തുടര്‍ന്ന് ബെംഗളുരു നഗരത്തിലെ തിയേറ്ററുകളില്‍ പുലര്‍ച്ചെ നടത്താനിരുന്ന പ്രത്യേക ഷോകൾക്ക് പൊലീസ് അനുമതി നിഷേധിക്കുകയും ചെയ്തു.