പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജൂബിലിഹില്‍സിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് അല്ലുവിനെ കൊണ്ടുവരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഹൈദരാബാദില്‍ പുഷ്പ –2വിന്റെ പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ടു സ്ത്രീ മരിച്ചതിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ നടപടികളും നിര്‍ത്തി വെയ്ക്കണമെന്നായിരുന്നു ആവശ്യം. സന്ധ്യ തിയേറ്ററിനു പുറത്തു തിക്കും തിരക്കുമുണ്ടായതില്‍ പങ്കില്ലെന്നും ബഹളം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നുമാണ് വാദം.
കേസില്‍ തിയേറ്റര്‍ ഉടമ, മാനേജര്‍, സുരക്ഷാ മേധാവി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഭീഷണിയെ തുടര്‍ന്നാണു താരം കോടതിയെ സമീപിച്ചത്. ഡിസംബര്‍ നാലിനു രാത്രിയാണു പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് 39കാരി മരിച്ചത്. സിനിമ കാണാനെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ ശ്രമമാണു അത്യാഹിതമുണ്ടാക്കിയത്.
നടന്റെ ബൗൺസർമാർ ഉണ്ടാക്കിയ തിക്കും തിരക്കുമാണ് മുപ്പത്തൊമ്പതുകാരിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. തിയേറ്റർ മാനേജ്മെന്റും കേസിൽ പ്രതികളാണ്. നടന്‍ അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേ ഉണ്ടായ തിക്കിലും തിരക്കിലും കുടുംബ സമേതം സിനിമയ്ക്കെത്തിയ 39 വയസുള്ള രേവതിയെന്ന വീട്ടമ്മയ്ക്കാണ് ജീവൻ നഷ്ടമായത്.
അല്ലു അർജുന്റെ ബൗൺ സർമാർ താരത്തിന് അടുത്തേക്ക് ആളുകൾ വരാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ ആണ് തിക്കിനും തിരക്കിനും തുടക്കമിട്ടതെന്നാണ് ഹൈദരാബാദ് പൊലീസിന്റെ കണ്ടെത്തൽ. താരത്തിന്റെ സന്ദർശനം അറിയിക്കാതിരുന്ന തിയേറ്റർ മാനജ്മെന്റും കേസിൽ പ്രതികളാണ്. മരിച്ച രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ചിക്കട്പ്പള്ളി പൊലീസാണ് കേസെടുത്തത്.
പുഷ്പ 2 വിന്‍റെ ആദ്യ പ്രദർശനത്തിനിടെ പലയിടങ്ങളിലും ആരാധകരുടെ അഴിഞ്ഞാട്ടുണ്ടായി. ബെംഗളുരുവിലെ ഊര്‍വശി തിയേറ്ററിൽ സ്ക്രീനിന് മുന്നിൽ തീപന്തം കത്തിച്ച് നൃത്തം ചെയ്താണ് സിനിമയെ വരവേറ്റത്. ജീവനക്കാര്‍ തക്കസമയത്ത് ഇടപെട്ട് ആരാധകരെ പിന്തിരിപ്പിച്ചതിനാല്‍ സ്ക്രീനു തീപിടിച്ചില്ല. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളടക്കമുള്ളവരെ പൊലീസ് തിയേറ്ററില്‍ നിന്നു കസ്്റ്റഡിയിലെടുത്ത്കേസെടുത്ത ശേഷം വിട്ടയച്ചിരുന്നു. തുടര്‍ന്നു ബെംഗളുരു നഗരത്തിലെ തിയേറ്ററുകളില്‍ പുലര്‍ച്ചെ നടത്താനിരുന്ന പ്രത്യേക ഷോകൾക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.