mollywood-song-hd

TOPICS COVERED

മറ്റ് ഇന്‍ഡസ്​ട്രികള്‍ മലയാളത്തെ കൊല്ലുകയാണോ? അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന ഒരു ചര്‍ച്ചയാണിത്. അന്യഭാഷ സിനിമകളിലെ മലയാളത്തിന്‍റെ വികലമായ അവതരണം തന്നെയാണ് ഇതിന് കാരണം. അടുത്ത കാലത്ത് അടുപ്പിച്ച് മൂന്ന് സിനിമകളാണ് മലയാളത്തെ വികൃതമാക്കിയതിന്‍റെ പേരില്‍ വിമര്‍ശനവും ട്രോളുകളും ഏറ്റുവാങ്ങിയത്. 

ഈ വിഭാഗത്തിലെ ലേറ്റസ്​റ്റ് എന്‍ട്രിയാണ് വരുണ്‍ ധവാന്‍ ചിത്രം 'ബേബി ജോണ്‍'. അറ്റ്ലി– വിജയ് കൂട്ടുകെട്ടില്‍ പുറത്തുവന്ന 'തെരി'യുടെ റീമേക്കാണ് 'ബേബി ജോണ്‍'. 'തെരി'യിലേതുപോലെ ചിത്രത്തിന്‍റെ നല്ലൊരു ഭാഗം കേരളത്തിലാണ് നടക്കുന്നതെന്നാണ് പാട്ടില്‍ നിന്നും ലഭിക്കുന്ന സൂചന. 

baby-john-malayalam-song

ബേബി ജോണിലെ പാട്ടില്‍ നിന്നും

തെരിയിലെ 'ഈന മീന ടീക്ക' എന്ന പാട്ടിന്‍റെ ഹിന്ദി വേര്‍ഷനായ 'പിക്​ല് പോമി'ലെ മലയാളം ചില വരികള്‍ നോക്കുക– 

'കൊച്ചുപെണ്ണേ കുയിലാലേ താ

ഓടി വണ്ണു പെണ്ണെ

ഓ എന്‍റെ പൊണ്ണു പെണ്ണേ താ

വരവേല്‍ക്കാന്‍ ആളു വേണം 

കോട്ടു വേണം കുരല്‍ വേണം

കുന്തിച്ചു പായാന്‍ കൂതിറ പോലെ' മലയാളത്തിനായി പുതിയ സ്ലാങ് തന്നെ കണ്ടെത്തിയിരിക്കുകയാണ് 'പിക്​ലി പോമി'ന്‍റെ സൃഷ്​ടാക്കള്‍. ഒപ്പം മലയാളികള്‍ക്ക് തന്നെ മനസിലാവാത്ത ചില വരികളും. തമന്‍ എസ്. സംഗീതം നല്‍കിയ പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കമില്‍ ആണ്. കമന്‍റ് സെക്ഷനില്‍ തന്നെ മലയാളികള്‍ എയറിലാക്കുന്നുണ്ടെങ്കിലും ഹിന്ദിക്കാര്‍ വെറൈറ്റി ന്യായീകരണങ്ങള്‍ നിരത്തുന്നുണ്ട്. 

'അമരനി'ലെ മലയാളിയായ നായിക ഇന്ദു റബേക്ക വര്‍ഗീസ് പറയുന്നത് തമിഴാളമാണ്. സായ് പല്ലവിയുടെ അഭിനയം നന്നായിരുന്നുവെങ്കിലും  ഡയലോഗുകള്‍ നല്ലൊരു വിഭാഗം മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിച്ചു. മലയാളം അറിയാത്ത പെണ്‍കുട്ടി കഷ്​ടപ്പെട്ട് മലയാളം പറയുന്നതുപോലെയായിരുന്നു. മലയാളത്തില്‍ പേരുകള്‍ വിളിക്കുമ്പോള്‍ 'ഏ' ചേര്‍ക്കുമെന്ന ലോജിക്കിലായിരിക്കാം നായികയുടെ 'മുകുന്ദേ'  വിളിക്ക് പിന്നില്‍. എന്നാല്‍ മലയാളത്തില്‍ 'മുകുന്ദ്' എന്ന പേര് ഇത്തരത്തില്‍ വിളിക്കുന്നത് കുറവായിരിക്കും. പകരം 'മുകുന്ദ്', 'മുകുന്ദാ' എന്നൊക്കെയാവും വിളിക്കുക. 

sai-amaran

അമരന്‍

ഇന്ദുവിന്‍റെ അച്ഛനും അമ്മയും ചേട്ടന്മാരും പച്ചമലയാളം സംസാരിക്കുമ്പോഴും നായിക തമിഴാളം പറയുന്നു എന്നതും മറ്റൊരു വൈരുധ്യം. 'അമരന്‍' എന്ന സിനിമക്കായി സംവിധായകന്‍ രാജ്​കുമാര്‍ പെരിയസാമി കാണിച്ച ആത്മാര്‍ഥതയുടെ പകുതി പോലും നായികയെ കൊണ്ട് മലയാളം സംസാരിപ്പിക്കാന്‍ കാണിച്ചില്ല. അല്ലെങ്കില്‍ തമിഴ് പ്രേക്ഷകര്‍ക്ക് മനസിലാവുന്നത് പോലെ മതി മലയാളം എന്ന് തീരുമാനിച്ചതുമാവാം. 

അമരന് തൊട്ടുമുമ്പ് വന്ന 'വേട്ടയനും' വ്യത്യസ്​തമല്ലായിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കി 'മനസിലായോ' എന്ന പാട്ടിലെ സൂപ്പര്‍ സുബു എഴുതിയ മലയാളം വരികള്‍ ഇങ്ങനെ:-

'തിരിച്ചി വന്നല്ലേ തിരിക്കെ വിട്ടാന്‍ വന്നല്ലേ 

തിരുത്തി വെക്കാന്‍ വന്നല്ലേ തിട്ടം ഉണ്ടല്ലേ

ചേട്ടന്‍ വന്നല്ലേ സേട്ട ചെയ്യാ വന്നല്ലേ 

പേട്ട തുള്ളാന്‍ വന്നല്ലേ വേട്ടയനല്ലേ' വരികള്‍ കേട്ടാല്‍ തന്നെ കണ്‍ഫ്യൂഷനാവും, ഇത് മലയാളമോ തമിഴോ.  'അദ്ദേഹത്തിനും മലയാളം അറിയില്ല എനിക്കും അറിയില്ല. എന്നാല്‍ അറിയാവുന്ന മലയാളത്തില്‍ എഴുതി, അത് കേള്‍ക്കാന്‍ രസമുണ്ടായിരുന്നു,' എന്നാണ് വരികള്‍ എഴുതിയതിനെ പറ്റി അനിരുദ്ധ് തന്നെ പറഞ്ഞത്. അനിരുദ്ധിന് രസമായിരുന്നെങ്കിലും മലയാളികള്‍ക്ക് അത് അത്ര രസിച്ചില്ല. മലയാളിയായ മഞ്ജു വാര്യര്‍ ഡാന്‍സ് കളിച്ച ഫഹദ് ഫാസില്‍ അഭിനയിച്ച ചിത്രത്തിലാണ് മലയാള വരികള്‍ക്ക് ഈ ഗതി വന്നത്. 

Google News Logo Follow Us on Google News

manasilayo-song

വേട്ടയന്‍

2024ന്‍റെ തുടക്കത്തില്‍ വന്ന ജി.വി.പ്രകാശ് ചിത്രം 'റിബല്‍' മലയാളികളേയും മലയാളം പാട്ടിനേയും അവതരിപ്പിച്ചതിന്‍റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു. 'ചക്കരമുത്തേ' എന്ന പാട്ടിലെ 'പ‍ഞ്ചസാര നാണം വന്നല്ലോ' എന്ന തമിഴ് ഭാവനയിലെ മലയാളം വരികള്‍ മലയാളികള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. നായകന്‍ നായികയെ കാണുമ്പോള്‍ വരുന്ന റൊമാന്‍റിക് പാട്ടിലെ വരികള്‍ ഇങ്ങനെ -

'മല കേറാന്‍ പോയൊരു വായാണ്ടിക്കെന്തോന്ന് 

കരിവണ്ണൂരുള്ളൊരു ഉണ്ടവട

ഉണ്ടവടേം കൊണ്ട് തെണ്ടിനടന്നപ്പോള്‍ 

പുള്ളോത്തിപെണ്ണൊന്ന് കണ്ണില്‍ മിന്നി 

തെന്നിതെറിച്ചോരാ പുള്ളോത്തിപെണ്ണിന്‍റെ 

വായ തുറന്നപ്പോള്‍ ഭരണിപ്പാട്ട്' മലയാളി പെണ്ണും തമിഴ് പയ്യനും തമിഴകത്ത് അന്നും ഇന്നും ഒരു റൊമാന്‍റിക് സങ്കല്‍പ്പമാണെങ്കിലും മലയാളം ഭാഷയോട് ഈ വരികളില്‍ അത്ര സ്​നേഹം കണ്ടില്ല. കഥകളി, കെട്ടുവള്ളം, കസവുസാരി, കുട്ടനാടന്‍ പുഞ്ച എന്നീ സ്റ്റീരിയോടൈപ്പുകള്‍ക്കൊപ്പം തോന്നുന്ന പോലെ മലയാളം വരികളെഴുതിയാല്‍ കേരള ഏസ്​തെറ്റിക്സായി. 

rebel-movie

റിബല്‍

ഇങ്ങനെ മലയാളത്തെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുമ്പോഴാണ് മാതൃകയായി 'പുഷ്​പ 2 ദി റൂളി'ലെ 'പിലീങ്സ്' പാട്ട് വരുന്നത്. മലയാളി പ്രേക്ഷകരോടുള്ള സ്​നേഹം കാണിക്കാനായി എല്ലാ ഭാഷയിലും പാട്ടിന്‍റെ ആദ്യഭാഗം മലയാളം വരികളില്‍ തന്നെയാക്കി. 

'മല്ലികബാണന്‍റെ അമ്പുകളോ

കണ്‍മുന തുമ്പുകളോ

അമ്പിളി പൂനിലാ നാമ്പുകളോ 

പുഞ്ചിരി തുമ്പികളോ' എന്ന് തുടങ്ങുന്ന ഭാഗം മലയാളികള്‍ മാത്രമല്ല, അന്യഭാഷക്കാരും ഏറ്റെടുത്തു. സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനും ലിറിസിസ്റ്റ് ചന്ദ്രബോസിനും മലയാളത്തോട് നീതി കാണിച്ചതിന് അംഗീകാരം കൊടുക്കണം. 

pushpa-ticket

പുഷ്​പ 2 ദി റൂള്‍

അനിരുദ്ധും തമനുമൊക്കെ വികൃതമാക്കുമ്പോള്‍ റഹ്​മാനും ഇളയരാജയും ഉള്‍പ്പെടെയുള്ള ചില സംഗീതജ്ഞര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെയാണ് മലയാളത്തെ ഉപയോഗിച്ചിരുന്നത്. റഹ്മാന്‍റെ നിരവധി ഗാനങ്ങളില്‍ മലയാളം പോര്‍ഷന്‍സ് വരുന്നത് അദ്ദേഹത്തിന് മലയാളത്തോടുള്ള പ്രത്യേക സ്​നേഹം കൂടിയാണ് കാണിക്കുന്നത്. 'മുത്തു' (കുരുവാലിലേ), 'വിണ്ണൈത്താണ്ടി വരുവായ' (ഓമനപ്പെണ്ണേ), 'കോബ്ര' (തുമ്പി തുള്ളല്‍) എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മലയാളത്തെ മനോഹരമായി റഹ്മാന്‍ ഉപയോഗിച്ചിട്ടുണ്ട്. 'വിണ്ണൈത്താണ്ടി വരുവായ'യില്‍ 'ആരോമലേ' എന്ന മുഴുനീള മലയാള ഗാനം തന്നെ സൃഷ്​ടിച്ചു. അതുപോലെ 'ദില്‍സേ'യിലെ 'ജിയ ജലേ' എന്ന പാട്ടിലെ മലയാളം വരികള്‍ പലരുടേയും ഫേവറീറ്റാണ്. ഈ ഭാഗങ്ങള്‍ എം.ജി.ശ്രീകുമാറിനെ കൊണ്ട് പാടിച്ച റഹ്മാന്‍ വരികളെഴുതാന്‍ ഗിരീഷ് പുത്തഞ്ചേരിയെ ആണ് ഏല്‍പിച്ചത്. ഇളയരാജയും മലയാളത്തെ ഒരിക്കലും തന്‍റെ പാട്ടുകളില്‍ വികലമാക്കിയിരുന്നില്ല. 'മൈക്കിള്‍ മദന്‍ കാമരാജന്‍' എന്ന കമല്‍ ഹാസന്‍ ചിത്രത്തിലെ 'സുന്ദരി നീയും സുന്ദരന്‍ ഞാനും‌' ഇന്നും നാം പാടിനടക്കുന്നു. 

chennai-senthamil

എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്​മി

'ഓട്ടോഗ്രാഫിലെ' 'മനസുക്കുള്ളേ ദാഹവും' 'എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി'യിലെ 'ചെന്നൈ സെന്തമിഴും' മലയാളത്തെ ഭംഗിയോടെ പാട്ടുകളിലേക്ക് ഉള്‍ച്ചേര്‍ത്തു. 'നട്​പേ തുണൈ'യിസെ 'എന്‍റെ നാട് കേരളമാണോ' അത്ര പെര്‍ഫെക്​ട് അല്ലെങ്കിലും മലയാളികള്‍ ഏറ്റെടുത്ത ഗാനം തന്നെയാണ്. 

ENGLISH SUMMARY:

Article about malayalam songs and lyrics in other language movies