പുഷ്പ –2വിന്റെ പ്രീമിയര്‍ ഷോക്കിടെ ഹൈദരാബാദിലെ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ആരാധിക മരിച്ച കേസില്‍ അറസ്റ്റിലായ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് ഇതുവരെ ജയിലിൽ എത്തിയില്ല. ഉത്തരവ് എത്താത്തതിനെ തുടര്‍ന്ന് നടന്‍ ചഞ്ചൽഗുഡ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.

അല്ലു അർജുൻ ഇന്ന് കസ്റ്റഡിയിൽ നിന്ന് മോചിതനാകില്ലെന്ന് ജയിൽ സൂപ്രണ്ട് സ്ഥിരീകരിച്ചു. ഇതോടെ താരത്തിന് ഇന്ന് രാത്രി ജയിലിൽ കഴിയണ്ടി വരും. ജയിലിലെ ക്ലാസ് 1 ബാരക്കിലായിരിക്കും നടന്‍ ഇന്ന് കഴിയുക. നിലവിൽ ടാസ്ക് ഫോഴ്സ് പൊലീസിന്റെ കസ്റ്റഡിയിൽ ജയിൽ റിസപ്ഷനിൽ ആണ് അല്ലു അർജുൻ ഉള്ളത്. നാളെ രാവിലെ കോടതി ഉത്തരവ് വന്ന ശേഷമായിരിക്കും ജയിൽ മോചനം. ജയിലിനു മുന്നിൽ ആരാധകരുടെ വൻ നിരയുമുണ്ട്.

കേസ് റദ്ദാക്കണെമന്ന ഹര്‍ജിയില്‍ അതിവേഗം വാദം കേട്ട തെലങ്കാന ഹൈക്കോടതിയാണ് നാലാഴ്ചത്തേക്ക് അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചത്. രേഖകളില്‍ നിന്നു താരം തെറ്റ് ചെയ്തെന്ന നിഗമനത്തിലെത്താനാവില്ലെന്നു വ്യക്തമാക്കിയ കോടതി മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം നിലനില്‍ക്കുമോയെന്ന സംശയം പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ കേസിന്റെ ഭാവി തന്നെ ചോദ്യചിഹ്നമാകുകയാണ്.

ജൂബിലിഹില്‍സിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അല്ലുവിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 5 മുതല്‍ 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്. അല്ലുവിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ഹൈദരാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പൊലീസിന്റെ നാടകീയ നീക്കത്തില്‍ തെലുങ്ക് സിനിമാ ലോകവും നടുങ്ങി. സൂപ്പര്‍താരം ചിരഞ്ജീവിയടക്കം ചിത്രീകരണം നിര്‍ത്തിവച്ചു. ആരാധകര്‍ സംഘടിച്ചതും സ്ഥിതിഗതികള്‍ ആശങ്കാകുലമാക്കി.

കേസില്‍ തിയേറ്റര്‍ ഉടമ, മാനേജര്‍, സുരക്ഷാ മേധാവി തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈമാസം നാലിന് രാത്രി പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് മുപ്പത്തൊന്‍പതുകാരി മരിച്ചത്. സിനിമ കാണാനെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ ശ്രമമാണു അത്യാഹിതമുണ്ടാക്കിയത്.

നടന്‍റെ അംഗരക്ഷകര്‍ ഉണ്ടാക്കിയ തിക്കും തിരക്കുമാണ് മുപ്പത്തൊമ്പതുകാരി രേവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. തിയറ്റർ മാനേജ്മെന്‍റും കേസിൽ പ്രതികളാണ്. അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിക്കിത്തിരക്കുണ്ടായതും കുടുംബത്തോടൊപ്പം വന്ന രേവതി അതില്‍പ്പെട്ടതും.

ENGLISH SUMMARY:

Superstar Allu Arjun, arrested in connection with the death of a fan during the chaotic premiere of Pushpa 2 in Hyderabad, remains in Chanchalguda Police Station as the copy of his interim bail order has not yet reached the authorities.